മതം സ്‌നേഹമാണ്‌.
മതത്തില്‍ വിശ്വസിക്കാം. വിശ്വസിക്കാതിരിക്കാം.
രണ്ടായാലും ലക്ഷ്യം സ്‌നേഹമായിരിക്കണം.
അതായത്‌ മതം സ്‌നേഹമാണ്‌.
അഥവാ സ്‌നേഹത്തില്‍ കവിഞ്ഞൊന്നും
മതത്തിന്റെ പേരില്‍ നമ്മുടെ
മനസ്സില്‍ ഉണ്ടായിക്കൂടാ.
ചന്ദപ്പൊയില്‍ വേലു ഇങ്ങിനെയൊരു
സിദ്ധാന്തം മനസ്സില്‍ സൂക്ഷിച്ച
ആളായിരുന്നുവോ എന്നെനിക്കോര്‍മയില്ല.
അദ്ദേഹത്തെ ഞാന്‍ കണ്ടിട്ടില്ല.
അദ്ദേഹത്തിന്റെ മകന്‍ അപ്പുവിനെ
കണ്ട ഓര്‍മയും എനിക്കില്ല.
അപ്പുവിന്റെ മകന്‍ രാഘവനെ നമ്മളറിയും.
മലപ്പുറം കാക്കയുടെ ചായക്കടയില്‍
ചായയടിക്കാനും കടിയുണ്ടാക്കാനും
നില്‍ക്കുന്ന രാഘവേട്ടന്‍.
രാഘവേട്ടന്റെ മകന്‍ സുധി ഓട്ടോ ഡ്രൈവറാണ്‌.
നെറ്റിയി ചന്ദനക്കുറി തൊട്ട്‌
മായാത്ത ചിരിയുമായി നടക്കുന്ന
സുധിയേയും നമുക്കറിയാം.
രാഘവേട്ടന്റെ വല്യച്ഛനാണ്‌ വേലു.
ഈ വേലു ഇഷ്‌ട ദാനം നല്‍കിയ സ്ഥലത്താണ്‌
നമ്മുടെ ഗ്രാമത്തിലെ മാപ്പിളമാര്‍
നമസ്‌കാരപ്പള്ളി നിര്‍മിച്ചത്‌.
പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌, അദ്ദേഹം സ്ഥലത്തെ
നാല്‌ മുസ്‌ലിം പ്രമാണിമാരുടെ പേരില്‍
ഇഷ്‌ടദാനമായി എഴുതിക്കൊടുക്കുകയായിരുന്നു ഈ സ്ഥലം.
അന്ന്‌ ഗ്രാമത്തിലുള്ളവര്‍ക്ക്‌ മുന്നൂര്‌ ജുമാമസ്‌ജിദേയുള്ളൂ.
പിന്നെ താത്തൂര്‍ ജുമാ മസ്‌ജിദും.
ജുമുഅക്കും പെരുന്നാളിനുമൊക്കെയല്ലാതെ
ജമുഅത്ത്‌ പള്ളികളിലേക്ക്‌ പോകുന്നത്‌ വലിയ പ്രയാസം.
അങ്ങാടിയില്‍ ചെറിയൊരു നമസ്‌കാരപ്പള്ളി വേണമെന്ന
ആഗ്രഹം വിശ്വാസികളില്‍ ചിലര്‍ക്കുണ്ടായത്‌
അങ്ങിനെയാണ്‌. ഈ വിഷയം വര്‍ത്തമാനത്തിനിടയില്‍
ഉയര്‍ന്നു വന്നപ്പോള്‍ മുസ്‌ലിം കാരണവന്മാരുടെ കൂട്ടത്തില്‍
രാഘവേട്ടന്റെ വല്യഛന്‍ വേലുവുമുണ്ടായിരുന്നു.
അദ്ദേഹമാണ്‌ അപ്പോള്‍ അതിനൊരു പരിഹാരം നിര്‍ദേശിച്ചത്‌.
അങ്ങാടിയുടെ ഹൃദയഭാഗത്ത്‌ നമസ്‌കാര പള്ളി
നിര്‍മിക്കാനാവശ്യമായ സ്ഥലം ഞാന്‍ തരാം.
എന്റെ പറമ്പില്‍ അതിന്‌ സ്ഥലം കണ്ടെത്താം.
അങ്ങിനെ അദ്ദേഹം നാല്‌ മുസ്‌ലിംകളുടെ പേരില്‍ ആസ്ഥലം
എഴുതിക്കൊടുത്തു. അതെ, ഇഷ്‌ട ദാനമായി തന്നെ.
ആ ഭൂമിയിലാണ്‌ നമസ്‌കാരപ്പള്ളി
ഉയര്‍ന്നത്‌. റേഷന്‍ കടയില്‍ വരുമ്പോള്‍
അവിടെ കയറിയാണ്‌ നമസ്‌കാരം
ഒരു വഖ്‌ത്‌ പോലും ഖളാഅ്‌ ആകാതെ
നമ്മള്‍ നമസ്‌കരിച്ചത്‌. ഇതിന്റെ മൂത്രപ്പുരയിലാണ്‌
നമ്മള്‍ അത്യാവശ്യം നിറവേറ്റിയത്‌.
കാലം മുന്നോട്ട്‌ പോകുമ്പോള്‍ നമ്മള്‍ കൂടുതല്‍
പഠിപ്പും പത്രാസുമുള്ളവരായി.
പഠിപ്പും വലിയ വലിയ ഉദ്യോഗങ്ങളും നേടി.
നാട്ടില്‍ പുതിയ പുതിയ പണക്കാരുണ്ടായി.
ദാരിദ്ര്യം പാടെ വിട്ടൊഴിഞ്ഞില്ലെങ്കിലും
പഴയതുപോലെ പട്ടിണിയില്ലാതായി.
സൗകര്യങ്ങള്‍ അധികമായപ്പോള്‍
നമ്മുടെയൊക്കെ മനസ്സിന്‌ എന്തോ സംഭവിച്ചുവോ?
ഇന്നിപ്പോള്‍ ഇതേ നമസ്‌കാരപ്പള്ളിയുടെ പേരില്‍ തര്‍ക്കമാണ്‌.
ഹിന്ദുക്കളും മുസ്ലിംകളും തമ്മിലല്ല.
മുസ്‌ലിംകളും മുസ്‌ലിംകളും തമ്മില്‍.
വേലുവിന്റെ ഇഷ്‌ടദാനം സ്വീകരിച്ച നാലുപേരില്‍ ഒരാള്‍
ആ സ്ഥലം വഖ്‌ഫ്‌ ചെയ്യാതെ മരിച്ചു പോയി.
അയാളുടെ അനന്തരാവാകാശിയും നിലവിലെ
മഹല്ല്‌ കമ്മിറ്റിയും തമ്മിലാണ്‌ തര്‍ക്കം.
പരസ്‌പരം പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്‌നം.
അത്‌ ഊതിപ്പെരുപ്പിച്ച്‌, മൈക്ക്‌ കെട്ടി ഉച്ചത്തില്‍
വിളിച്ചു പറഞ്ഞ്‌ പരസ്‌പരം വിശദീകരിച്ചു, മുസ്‌ലിംകള്‍.
ഇതൊക്കെ രാഘവേട്ടന്‍ കേള്‍ക്കുമല്ലോ എന്നായിരുന്നു എന്റെ പേടി.
സുധി കേള്‍ക്കില്ലേ? അവന്റെ ബാക്കിയുള്ളവര്‍ കേള്‍ക്കില്ലേ?
അവരുടെ പൂര്‍വികര്‍ ഇഷ്‌ടദാനമായി നല്‍കിയ
സ്ഥലത്ത്‌ കെട്ടിപ്പൊക്കിയ പള്ളിയുടേയും സ്ഥലത്തിന്റേയും
പേരില്‍ നമ്മള്‍ ഇങ്ങിനെ തര്‍ക്കിക്കാമോ?
അധികാരം ആര്‍ക്കായാലും ആ പള്ളി,
അത്യാവശ്യക്കാര്‍ക്ക്‌ നമസ്‌കരിക്കാനുള്ള
ഒരിടമായി മാത്രം കണ്ടാല്‍ പേരെ.
അതിന്റെ പേരില്‍ ഊരുവിലക്കും
ഒറ്റപ്പെടുത്തലും കേസും കൂട്ടവും പിന്നെ
മൈക്ക്‌ കെട്ടി പൊതുയോഗവും ഒക്കെ വേണ്ടിയിരുന്നോ?
ഇതിങ്ങിനെ ഓര്‍ത്തപ്പോഴാണ്‌ ഗ്രാമത്തിലെ
വായനശാലയെക്കുറിച്ച്‌
കൂടി പറയേണ്ടി വരുന്നത്‌. ആരുടേയോ ഒക്കെ
ദുര്‍വാശിയുടെ പേരില്‍ നാടിന്‌ വെളിച്ചമാകേണ്ട
ഈ സ്ഥാപനം നാശോന്മുഖമാണ്‌.
വായന അറിവുണ്ടാക്കും. അറിവ്‌ സംസ്‌കാരമുണ്ടാക്കും.
സംസ്‌കാരം സ്‌നേഹമുണ്ടാക്കും.
പക്ഷേ, ആരാണ്‌ സ്‌നേഹം വരുന്ന
ഈ വഴി കൊട്ടിയടക്കുന്നത്‌?
ജാതിയും മതവും നോക്കാതെ നമുക്ക്‌ ഒരുമിച്ചിരിക്കാനുള്ള
ഒരിടമല്ലേ ഇത്‌. അങ്ങാടിയുടെ അപ്പുറവുമിപ്പുറവുമായി
അകന്നിരിയ്‌ക്കാതെ നമുക്ക്‌ എവിടെയെങ്കിലുമൊന്ന്‌
ഒന്നിച്ചിരിയ്‌ക്കേണ്ടേ.
പരസ്‌പരം വേര്‍ തിരിഞ്ഞ്‌, അപ്പുറവുമിപ്പുറവുമായി
അകന്നിരിക്കാനുള്ള മതിലാകരുത്‌ മതം.
ഒന്നിച്ചിരിക്കുമ്പോള്‍ വേര്‍പെട്ടു പോകാതിരിക്കാന്‍
പരസ്‌പരം ബന്ധിക്കുന്ന സ്‌നേഹത്തിന്റെ
പാശമാകണം മതം.
അപ്പോള്‍ മതം സ്‌നേഹമാകും.
സ്‌നേഹം തന്നെയാകും മതം.
ഇതെനിക്ക്‌ ഉറപ്പിച്ചു പറയാന്‍ പറ്റും.
കാരണം, ഈ സിദ്ധാന്തങ്ങളൊന്നും ഓര്‍ത്തിട്ടാകില്ല,
ഹിന്ദുവായ ചന്ദപ്പൊയില്‍ വേലു നമുക്ക്‌ നമസ്‌കാരപ്പള്ളി
നിര്‍മിക്കാന്‍ സ്ഥലം തന്നത്‌.
ആ പഴയ മനസ്സിന്‌ മതവും സ്‌നേഹവും
രണ്ടായിരുന്നില്ലെന്നു തന്നെ നമുക്ക്‌ വിശ്വസിക്കാം.
മദ്‌റസയിലെ പാഠപുസ്‌തകത്തില്‍ മുജ ജമകളോടും
പുത്തന്‍ കൂറ്റുകാരോടും സലാം പറയരുതെന്നും
സലാം മടക്കരുതെന്നും നമ്മള്‍ പഠിച്ചിട്ടുണ്ട്‌.
അഥവാ അങ്ങിനെ പഠിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌.
ഇപ്പോള്‍ ഈ പാഠഭാഗം നീക്കം ചെയ്‌തോ എന്നെനിക്കറിയില്ല.
പലതരം മുസ്‌ലിംകള്‍ക്കിടയില്‍ പരസ്‌പരം
കല്യാണം കഴിക്കാത്തവരുണ്ട്‌.
പരസ്‌പരം കല്യാണത്തിന്‌ ക്ഷണിക്കാത്തവരുണ്ട്‌.
ഒരേ ദിശയിലേക്ക്‌ തിരിഞ്ഞ്‌, ഒരേ ദൈവത്തിനു മുമ്പില്‍
അഞ്ചു നേരം ലോക മുസ്‌ലിംകളുടെ നന്മക്കായി
പ്രാര്‍ഥിക്കുന്നവരാണിവര്‍.
എന്നിട്ടും പരസ്‌പരം കാഫിറാക്കാനാണ്‌
ഓരോരുത്തരും ശ്രമിക്കുന്നത്‌.
അപ്പോള്‍, ഒരു `കാഫിര്‍’ കൊടുത്ത സ്ഥലത്ത്‌
നിര്‍മിച്ച പള്ളിയിലാണ്‌ നമ്മുടെ നാട്ടുകാര്‍
ഇത്രയും കാലം നമസ്‌കരിച്ചതെന്ന്‌ അറിവ്‌ നമ്മില്‍
ആനന്ദമുണ്ടാക്കുന്നു.
ആ അറിവ്‌ പുതിയ തലമുറയ്‌ക്ക്‌
സ്‌നേഹത്തിന്റെ പുതിയ അനുഭവമാകുന്നു.
ആ അനുഭവം നമ്മുടെ ഗ്രാമത്തെ
സ്‌നേഹത്തിന്റെ ഇമ്മിണി ബല്യൊരു
ലോകമാക്കട്ടെ!

ഇത്രയും കൂടി: നിലമ്പൂര്‍ കോവിലകം വക സ്ഥലമായിരുന്നുവത്രെ നമ്മുടെ പുതിയ പള്ളി നില്‍ക്കുന്ന സ്ഥലം. കാരണവന്മാര്‍ നിലമ്പൂര്‍ കോവിലകത്ത്‌ പോയി സമ്മതം വാങ്ങിയ ശേഷമാണത്രെ ഇവിടെ ജുമാ മസ്‌ജിദ്‌ പണിതത്‌.

Advertisements

ഇത്‌ ഒരു കഥയാണ്‌. ഞാന്‍ ജോലി ചെയ്‌ത്‌ ജീവിക്കുന്ന രാജ്യത്തോ മറ്റ്‌ വല്ല നാട്ടിലോ ഇങ്ങിനെയൊന്ന്‌ നടന്നതായി ഓര്‍മയില്ല. ആര്‍ക്കെങ്കിലും അങ്ങിനെ തോന്നിയാല്‍ ദയവ്‌ ചെയ്‌ത്‌ കഥാപാത്രങ്ങളുമായി സാമ്യമുള്ളവരെ വിളിച്ച്‌ ഇക്കാര്യം അറിയിക്കരുത്‌. വെറുതേയെന്തിന്‌ വഴിയേ പോകുന്ന വയ്യാവേലി വലിച്ച്‌ ഞാനെന്റെ വേണ്ടാത്തിടത്ത്‌ വെയ്‌ക്കണം?

കഥ തുടങ്ങാം. പതിമൂന്ന്‌ വര്‍ഷം മുമ്പ്‌ തമിഴ്‌നാട്ടില്‍ നിന്ന്‌ ഒരാള്‍ ഒരുപാട്‌ സ്‌പ്‌നങ്ങളുമായി ഗള്‍ഫിന്റെ മരുഭൂമിയിലെത്തുന്നു. പേര്‌ തമിഴന്‍ എന്നു തന്നെയാകട്ടെ. വന്ന നാള്‍ തൊട്ട്‌ ദുരിതമല്ലാതെ മറ്റൊന്നും തമിഴന്‌ ഗള്‍ഫ്‌ സമ്മാനിച്ചില്ല. കണ്ട കിനാക്കളെല്ലാം മരുഭൂമിയുടെ ചൂടില്‍ വെന്തു വെണ്ണീറായി. കൊടിയ വെയിലില്‍ കഠന ജോലി. ശമ്പളമില്ല, ആഹാരമില്ല, കിടക്കാന്‍ ഇടം പോലുമില്ല.
ഒടുവില്‍ രക്ഷപ്പെട്ട്‌ ഇദ്ദേഹം പ്രവാസ നഗരത്തിലെ സാമൂഹിക പ്രവര്‍ത്തകരുടെ മുന്നിലെത്തുന്നു. മരുഭൂമിയിലെ വാസം രോഗിയും പരിക്ഷീണനുമാക്കിയ തമിഴന്‌ സ്വന്തം ഭാഷ പോലും നഷ്‌ടമായിരുന്നുവത്രെ. ആടുമാടുകള്‍ക്കൊപ്പം മരുഭൂമിയില്‍ ഒരു വ്യാഴവട്ടത്തിലേറെ കഴിയേണ്ടി വന്ന ഹതഭാഗ്യന്‌ സംസാരിക്കാന്‍ ഒരു ഭാഷ പോലും വേണ്ടിയിരുന്നില്ലല്ലോ.

തമിഴന്‍ ഒരു വിധം മരുഭൂമിയില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ നഗരത്തിലെത്തി. അപ്പോഴാണ്‌ സാമൂഹിക പ്രവര്‍ത്തകനായ കഞ്ഞിക്കുഴി കുഞ്ഞിക്കണാരനും സംഘവും ഇടപെടുന്നത്‌. അവര്‍ ഇടപെട്ട്‌ എംബസിയുടെ സഹായത്തോടെ സ്‌പോണ്‍സറെ കണ്ടെത്തി, നിരന്തരമായ ഇടപെടലുകളിലൂടെ തമിഴന്‌ ശമ്പള കുടിശ്ശിക ലഭ്യമാക്കി. ഒരു വര്‍ഷത്തോളം തമിഴന്‌ താല്‍ക്കാലിക ജോലിയും കിടക്കാനും ഉണ്ണാനും സൗകര്യവുമൊരുക്കി. തമിഴനെ കുഞ്ഞിക്കണാരന്‍ കണ്ടെത്തിയതു മുതല്‍ ഒരു വര്‍ഷത്തിനിടെ പലവട്ടം പത്രങ്ങളില്‍ വാര്‍ത്ത വന്നു. മിഴിച്ചു നില്‍ക്കുന്ന തമിഴനും ചിരിച്ചു നില്‍ക്കുന്ന കുഞ്ഞിക്കണാരനും കളര്‍ ചിത്രങ്ങളായി. മരുഭൂമിയില്‍ വലഞ്ഞ തമിഴന്‌ കുഞ്ഞിക്കണാരന്‍ അഭയം. തമിഴന്‌ കുഞ്ഞിക്കണാരന്‍ താല്‍ക്കാലിക ജോലി ശരിയാക്കി, കുഞ്ഞിക്കണാരന്‍ തമിഴന്റെ സ്‌പോണ്‍സറുമായി ബന്ധപ്പെട്ടു, തമിഴന്റെ ശമ്പള കുടിശ്ശിക ലഭ്യമക്കാമെന്ന്‌ കുഞ്ഞിക്കണാരന്റെ ഇടപെടലിനെ തുടര്‍ന്ന്‌ സ്‌പോണ്‍സര്‍ സമ്മതിച്ചു…. പറയേണ്ട പൂരം. ദിവസേനയെന്നോണം വാര്‍ത്തകള്‍, ചിത്രങ്ങള്‌… കുഞ്ഞിക്കണാരന്‍ സ്വന്തം ജോലി പോലും മറന്നു സാമൂഹിക പ്രവര്‍ത്തനം മാത്രം നടത്തിയാലോ എന്നു പോലും ചിന്തിച്ചു പോകും…..

അപ്പോഴാണ്‌ അക്കിടി പറ്റിയത്‌. 45,000 റിയാല്‍ ശമ്പള കുടിശ്ശിക കൈപ്പറ്റാന്‍ ജോലി സ്ഥലത്തേക്ക്‌ പോയ തമിഴന്‌ നാട്ടിലേക്ക്‌ മടങ്ങുമ്പോള്‍ കുഞ്ഞിക്കണാരനോട്‌ പറയാന്‍ പറ്റിയില്ല. ഒരു വാക്ക്‌ മിണ്ടാതെ അയാള്‍ നേരെ നാട്ടിലേക്ക്‌ പൊയ്‌ക്കളഞ്ഞുവത്രെ. ഒരു യാത്രയപ്പ്‌ പടത്തിന്റേയും വാര്‍ത്തയുടേയും അവസാന സാധ്യത തമിഴന്‍ കുഞ്ഞിക്കണാരന്‌ നഷ്‌ടപ്പെടുത്തിക്കളഞ്ഞു.

കൈയില്‍ പണം വന്നപ്പോള്‍ കൈത്താങ്ങായവരെ മറന്ന്‌ അയാള്‍ നാട്ടിലേക്ക്‌ പറന്നു എന്ന തലക്കെട്ടില്‍ വന്ന പത്രവാര്‍ത്ത ഈ കുഞ്ഞിക്കണാരനെക്കുറിച്ചോ തമിഴനെ കുറിച്ചോ അല്ലെന്ന്‌ ഉറപ്പിച്ചു പറയട്ടെ. കാരണം ഇങ്ങിനെയൊന്ന്‌ എവിടെയും നടന്നിട്ടില്ല.
കഥ ഇവിടെ തീരുന്നു. ഇനി എന്റെ വക അല്‍പം പ്രസംഗം, അധിക പ്രസംഗം:
സാമുഹിക സേവനവുമായി ബന്ധപ്പെട്ട്‌ പണ്ട്‌ നാം കേള്‍ക്കാറുണ്ടായിരുന്ന നിസ്വാര്‍ഥം, നിഷ്‌കാമ കര്‍മം, പ്രതിഫലേഛയില്ലാതെ തുടങ്ങിയ പദങ്ങളും പ്രയോഗങ്ങളുമൊക്കെ കാലഹരണപ്പെട്ടു. എന്നേ കാലഹരണപ്പെട്ടു.

ഇപ്പോള്‍ ദുരിതമനുഭവിക്കുന്ന ഒരാള്‍ക്ക്‌ നാട്ടിലേക്കൊരു വണ്‍വേ ടിക്കറ്റ്‌ എടുത്തു കൊടുത്താല്‍ പോലും അത്‌ കൈമാറുന്ന പടവും വാര്‍ത്തയും പത്രത്തില്‍ വരണം. അഥവാ സാമൂഹിക സേവനം പബ്ലിസിറ്റിക്കു വേണ്ടി മാത്രമായി മാറുന്നുവെന്ന സംശയം ബലപ്പെടുകയാണ്‌.
ഗള്‍ഫുകാരന്റെ ജീവകാരുണ്യത്തിന്‌ പ്രവാസ ചരിത്രത്തോളം പഴക്കമുണ്ട്‌. കഠിനമായി ജോലി ചെയ്‌ത്‌ സമ്പാദിക്കുന്ന തുകയില്‍ നിന്നൊരു അംശം എല്ലാ മാസവും കഷ്‌ടപ്പെടുന്ന ഏതെങ്കിലും സഹജീവിയുടെ ആവശ്യത്തിന്‌ ചെലവാക്കുന്ന തുഛശമ്പളക്കാരായ എത്രയോ പ്രവാസികളുണ്ട്‌. പത്രത്തില്‍ പ്രചാരമോ ഒരു നന്ദിവാക്കോ പ്രതീക്ഷിച്ചല്ല ഇവരൊന്നും ഇത്‌ ചെയ്യുന്നത്‌. പത്രത്തില്‍ കാണുന്ന ദുരിത വാര്‍ത്തകള്‍ വായിച്ച്‌ പേര്‌ പോലും വെളിപ്പെടുത്താതെ നേരിട്ട്‌ സഹായം എത്തിച്ചു കൊടുക്കുന്ന എത്രയോ പേരെ ഇവനറിയാം.

എന്നാല്‍ ഓരോ ദിവസവും മുളച്ചു പൊങ്ങുന്ന കാക്കത്തൊള്ളായിരം ഗള്‍ഫ്‌ സംഘടനകള്‍ എല്ലാറ്റിനുമെന്ന പോലെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കും മത്സരിക്കുന്നു. ഉദാരമതികളില്‍ നിന്ന്‌ പണം പിരിച്ച്‌ ദുരിതമനുഭവിക്കുന്നവന്‌ കൊടുക്കുന്നത്‌ നല്ലതുതന്നെ. ആ സഹായവും സ്വീകരിച്ച്‌ അയാള്‍ പോകുന്നെങ്കില്‍ പോകട്ടെ, അയാളില്‍ നിന്ന്‌ എന്തിന്‌ ഒരു നന്ദി വാക്ക്‌ പ്രതീക്ഷിക്കണം? അയാളുടെ കൂടെ നിന്ന്‌ പടമെടുത്ത്‌ എന്തിന്‌ പത്രത്തില്‍ വരുത്തണം? ~ഒക്കെ പോകട്ടെ, നന്ദി പറയാതെ, പടമെടുക്കാന്‍ അവസരം തരാതെ അയാള്‍ പോയെന്ന്‌ വെച്ച്‌ നമ്മള്‍ വെകിളി കൊള്ളുന്നതെന്തിന്‌? അതും വാര്‍ത്തയാക്കേണ്ടതുണ്ടോ?

ഈയിടെ നമുക്ക്‌ വേണ്ടപ്പെട്ട ഒരാള്‍ പ്രവാസ നഗരത്തില്‍ വാഹനാപകടത്തില്‍ മരിച്ചു. അപകട സ്ഥലം മുതല്‍ മൃതദേഹം ഖബറടക്കുന്നതുവരെ കടലാസുകള്‍ ശരിയാക്കാനും വേണ്ട സഹായങ്ങള്‍ ചെയ്യാനും നഗരത്തിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകര്‍ സജീവമായി ഒപ്പമുണ്ടായിരുന്നു. ഏറെ ആത്മാര്‍ഥതയോടെ കൃത്യമായി ഏല്ലാറ്റിനും കൂടെ നിന്നവര്‍. അപ്പോള്‍ മറ്റൊരു സംഘടനയുടെ പ്രധാന പ്രവര്‍ത്തകരില്‍ ഒരാള്‍ മരിച്ച വ്യക്തിയുടെ ബന്ധുവായ എന്റെ സുഹൃത്തിനോട്‌ പറഞ്ഞുവത്ര: എന്നാലും വിവരം നിങ്ങള്‍ക്ക്‌ ആദ്യം ഞങ്ങളെ അറിയിക്കാമായിരുന്നു. ഇനിയിപ്പോള്‍ അവന്മാര്‍ ഇടപെട്ട സ്ഥിതിക്ക്‌ ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ പറ്റാതായിപ്പോയില്ലേ?

സംഭവം ഇത്രയേയൂള്ളൂ: പരേതന്റെ മരണാനന്തര രേഖകളും മറ്റു ശരിയാക്കാനുള്ള നടപടിക്രമങ്ങള്‍ക്ക്‌ പ്രശസ്‌ത സാമൂഹിക പ്രവര്‍ത്തകന്‍ കഞ്ഞിക്കുഴി കുഞ്ഞിക്കണാരന്‍ നേതൃത്വം നല്‍കി. മൃതദേഹം സംസ്‌കരിക്കുമ്പോള്‍ കഞ്ഞിക്കുഴി കുഞ്ഞിക്കണാരന്റേ നേതൃത്വത്തില്‍ സാമൂഹിക പ്രവര്‍ത്തകര്‍ സന്നിഹിതരായിരുന്നു. മരണനാന്തര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നതിനും മൃതേദഹം സംസ്‌കരിക്കുന്നതിനും ആവശ്യമായ എല്ലാ സംഗതികളും പൂര്‍ത്തിയാക്കിത്തന്ന കഞ്ഞിക്കുഴി കുഞ്ഞിക്കണാരന്‌ പരേതന്റെ ബന്ധുക്കള്‍ നന്ദി അറിയിച്ചു. ഇങ്ങിനെ രണ്ട്‌ മൂന്നു ദിവസത്തെ പത്രത്തില്‍ വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കാനുള്ള അവസരം നഷ്‌ടപ്പെട്ടു പോയതിലുള്ള ദുഃഖമാണ്‌ അദ്ദേഹം പറയാതെ പറഞ്ഞത്‌.

മത്സരമാകാം. പക്ഷേ, മദം പൊട്ടരുത്‌.
ഞാനും കൂടി ചെയ്യുന്ന ഒരു തൊഴില്‍
ഇവ്വിധം കളങ്കപ്പെട്ടുപോകുന്നതിലാണ്‌ സങ്കടം.
ആരാന്റമ്മക്ക്‌ ഭ്രാന്തായാല്‍ കാണാന്‍ നല്ല ചേലാണല്ലോ?

കിളിരൂരിലെ പെണ്‍കുട്ടി ഉണര്‍ത്തിയ നോവ്‌ മനഃസാക്ഷിയുള്ളവരുടെ മനസ്സില്‍ നിന്ന്‌ മാഞ്ഞു പോയിട്ടുണ്ടാകുമെന്ന്‌ കരുതുന്നില്ല.

അമ്മയേയും പെങ്ങളേയും തിരിച്ചറിയാത്തവരുടെ ക്രൂരതയില്‍ ജീവന്‍നഷ്‌ടമായ പാവം മലയാളി പെണ്‍കുട്ടി. എന്തിന്റെ പേരിലായാലും ആ പെണ്‍കുട്ടിക്ക്‌ മാനവും ജീവനും പോയി.

സൂര്യനെല്ലിയിലെ പെണ്‍കുട്ടിയുടെ പേരു പോലും നമുക്കറിയില്ല. കിളിരൂരിലെ പെണ്‍കുട്ടി നമുക്ക്‌ നമ്മുടെ അയല്‍പക്കത്തെ കുട്ടിയെ പോലെ സുപരിചിത. പെണ്‍കുട്ടിയുടേയും അച്ഛനമ്മമാരുടെയും പടം പത്രങ്ങളും ചാനലുകളും ആഘോഷിച്ചു. അവരാണ്‌ ആ പെണ്‍കുട്ടിയുടെ രൂപം നമ്മുടെ മനസ്സില്‍ കുത്തിനിറച്ചത്‌.
കഴിഞ്ഞ ദിവസം ഏതോ സിനിമ കണ്ടു കൊണ്ടിരിക്കെ, കൂട്ടുകാരന്‍ പറഞ്ഞു ഈ നടിക്ക്‌ കിളിരൂരിലെ കുട്ടിയുടെ ഛായയുണ്ടെന്ന്‌. അത്രയ്‌ക്ക്‌ നമ്മുടെ മനസ്സില്‍ ആ കുട്ടിയുടെ മുഖം പതിഞ്ഞിരിക്കുന്നു.

കിളിരൂരിലെ പെണ്‍കുട്ടി മരിച്ചു പോയി. പത്രങ്ങളും ചാനലുകളും ഇനിയെത്ര വട്ടം അവരുടെ പടം കാണിച്ചാലും അതിന്റെ മാനക്കേട്‌ ആ കുട്ടി സഹിക്കേണ്ടതില്ല.

പക്ഷേ, കണ്ണീര്‍ വറ്റിയിട്ടില്ലാത്ത ആ അച്ഛന്റേയും അമ്മയുടേയും ദയനീയത വീണ്ടും നാം പത്രങ്ങളിലും ചാനലുകളിലും കാണുന്നു. നീതിക്ക്‌ വേണ്ടി അവരുടെ പോരാട്ടം തുടരുകയാണ്‌. അവര്‍ക്ക്‌ നീതി കിട്ടണം. ആ പെണ്‍കുട്ടിയുടേയും ആ കുടുംബത്തിന്റേയും ജീവിതം തകര്‍ത്തവര്‍ക്ക്‌ ശിക്ഷ കിട്ടണം(?).

എന്റെ വിഷയം അതല്ല. ഇന്ന്‌ ഒരു പത്രത്തില്‍ കിളിരൂരിലെ പെണ്‍കുട്ടിക്ക്‌ പ്രസവിക്കേണ്ടി വന്ന കുരുന്നു പെണ്‍കുഞ്ഞിന്റെ നിഷ്‌കളങ്കമായ മുഖം കണ്ടു. അച്ഛനില്ലാതെ, അച്ഛന്‍ ആരാണെന്ന്‌ ചൂണ്ടിക്കാണിക്കാന്‍ പോലും ആളില്ലാതെ പിറന്ന ആ കുട്ടിക്ക്‌ സമൂഹത്തില്‍ എന്ത്‌ സ്ഥാനം കിട്ടുമെന്ന്‌ നമുക്ക്‌ അറിയാം. ഇത്‌ തന്തയില്ലാത്ത ആ കുട്ടിയെന്ന്‌ പറഞ്ഞ്‌ പത്രങ്ങള്‍ എന്തിന്‌ ആ കുരുന്നിന്റെ പടം പ്രസിദ്ധീകരിക്കുന്നു. പത്രത്താളില്‍ ഒന്നുമറിയാതെ പുഞ്ചിരിച്ചു നില്‍ക്കുന്ന ആ കുരുന്നു മുഖം കണ്ടപ്പോള്‍ കണ്ണു നിറഞ്ഞു പോയി.

അച്ഛനും അമ്മക്കും പേരക്കുട്ടിയുമായി വന്ന്‌ പത്ര സമ്മേളനം നടത്താം. നീതിക്കു വേണ്ടി പോരാട്ടം നടത്താം. പക്ഷേ, തങ്ങളുട പടം, നന്നെച്ചുരുങ്ങിയത്‌ കുഞ്ഞിന്റ പടമെങ്കിലും പത്രത്തില്‍ വരരുതെന്ന്‌ അവര്‍ക്ക്‌ അപേക്ഷിക്കാം. അപേക്ഷിച്ചില്ലെങ്കിലും മാനുഷിക പരിഗണനയില്‍ പത്രങ്ങള്‍ക്ക്‌ അത്‌ പ്രസിദ്ധീകരിക്കാം. മുഖം വ്യക്തമാകാത്ത രീതിയില്‍ ചാനലുകള്‍ക്കും ദൃശ്യങ്ങള്‍ കാണിക്കാം.

പത്രങ്ങള്‍ക്ക്‌ പണ്ടുണ്ടായിരുന്ന പല മര്യാദകളും ഇന്നില്ല. ഏത്‌ കേസില്‍ പെട്ട പ്രതികളായാലും പ്രതികളുടെ മാതാപിതാക്കളുടെ പേര്‌ പണ്ട്‌ പത്രങ്ങള്‍ കൊടുക്കാറില്ലായിരുന്നു. മക്കള്‍ ചെയ്‌ത കുറ്റത്തിന്‌ നിരപരാധികളായ മാതാപിതാക്കളെ ശിക്ഷിക്കേണ്ടല്ലോ.
പതിനെട്ട്‌്‌ വയസ്സില്‍ താഴെയുള്ള ജുവനൈല്‍ പ്രതികളുടെ പേരു വിവരം പത്രങ്ങള്‍ കൊടുക്കാറില്ല. ഇന്നിപ്പോള്‍ ഇങ്ങിനെയൊന്നും ഒരു പത്രവും നോക്കുന്നത്‌ കാണാറില്ല.
വിദേശ രാജ്യങ്ങളിലെ പത്രങ്ങളിലൊക്കെ, പാപ്പരാസികളുടെ നാട്ടില്‍ പോലും ഇത്തരം പെരുമാറ്റച്ചട്ടങ്ങള്‍ പത്രങ്ങള്‍ തെറ്റാതെ പാലിക്കുന്നുണ്ട്‌. ഗള്‍ഫു നാടുകളിലെ പത്രങ്ങളില്‍ ഏത്‌ കേസിലായാലും പ്രതി ഏത്‌ നാട്ടുകാരനാണെന്ന്‌ മാത്രമേ പറയൂ. പലപ്പോഴും ഏഷ്യക്കാരന്‍, ആഫ്രിക്കക്കാരന്‍, യൂറോപ്യന്‍, അമേരിക്കന്‍ എന്നിങ്ങനെ വന്‍കരയുടെ പേരിലൊതുക്കും. കൂടിപ്പോയാല്‍ ഇന്ത്യക്കാരന്‍, ബംഗ്ലാദേശുകാരന്‍, ഇന്തോനേഷ്യന്‍ എന്നിങ്ങനെയാകും. ദുബായില്‍ നിന്നിറങ്ങുന്ന പത്രങ്ങളില്‍ എ, ബി. സി തുടങ്ങിയ അക്ഷരങ്ങള്‍ കൊണ്ടാണ്‌ പ്രതികളെ സൂചിപ്പിക്കുന്നത്‌.

അങ്ങിനെയൊന്നും ആകാന്‍ജനാധിപത്യ രാജ്യത്ത്‌ ജനാധിപത്യത്തിന്റെ കാവലാള്‍ എന്ന്‌ നടിക്കുന്ന നമ്മുടെ പത്രങ്ങള്‍ക്ക്‌ സാധിക്കില്ല.

പക്ഷേ, ഒന്നുമറിയാത്ത കിളിരൂരിലെ പെണ്‍കുട്ടി പ്രസവിച്ചു പോയ, ഒന്നുമറിയാത്ത ഈ കുരുന്നിനെ തന്തയില്ലാത്തവളെന്ന്‌ വിളിച്ചു കൂവി, ദയവു ചെയ്‌ത്‌ സമൂഹത്തിന്‌ മുന്നിലേക്ക്‌ എറിഞ്ഞു കൊടുക്കരുത്‌.
ഇത്തിരിയെങ്കിലും ബോധം വെച്ചു തുടങ്ങുമ്പോള്‍, താന്‍ ജീവിച്ചിരിക്കേണ്ടവളല്ലെന്ന്‌ ഈ കുരുന്നിന്‌ തോന്നിപ്പോകാന്‍ ഇട വരരുത്‌.
ആ കുഞ്ഞ്‌ എവിടെയങ്കിലും ജീവിച്ചോട്ടെ.
തന്റെ ജന്മശാപം അവള്‍ പോലും അറിയരുത്‌.
അമ്മയ്‌ക്ക്‌ പറ്റിപ്പോയ തെറ്റിന്റെ വേദനകള്‍ ആ കുഞ്ഞു ഹൃദയത്തില്‍ കുത്തിവെയ്‌ക്കരുത്‌.
മുത്തഛനും മുത്തശ്ശിയും ആദ്യം അത്‌ ശ്രദ്ധിക്കണം. പിന്നെ മാധ്യമങ്ങളും.

ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റ്‌

സാദിഖ്‌ മുന്നൂര്‌

മലയാളം ന്യൂസ്‌ സര്‍ഗ്ഗ വീഥിയില്‍ പ്രസിദ്ധീകരിച്ചത്‌
വാച്ച്‌മാന്‍ നിഷ്‌കരുണം പറഞ്ഞു.
ഇപ്പോള്‍ പോകാന്‍ പറ്റില്ല.
മൊയ്‌തീന്‍ കുട്ടി കെഞ്ചി നോക്കി.
ഒന്നുകില്‍ രണ്ട്‌ മണിക്കുശേഷം പാസ്സെടുത്തു കയറണം. അല്ലെങ്കില്‍ നാല്‌ മണി കഴിഞ്ഞ്‌ സന്ദര്‍ശകര്‍ക്ക്‌ അനുവദിച്ച സമയത്ത്‌ വരണം.
വാച്ച്‌മാന്‍ ചട്ടം പറയുകയാണ്‌. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളെ സന്ദര്‍ശിക്കുന്നതിന്‌ ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്‌. അത്‌ ലംഘിച്ച്‌ അകത്ത്‌ പോകാന്‍ പറ്റില്ല.
മൊയ്‌തീന്‍ കുട്ടി അല്‍ സുല്‍ഫിയില്‍ നിന്ന്‌ വരികയാണ്‌. സൗദി അറേബ്യയിലെ ഒരു വിദൂര പട്ടണമാണ്‌ അല്‍ സുല്‍ഫി. റിയാദില്‍ വിമാനമിറങ്ങി റോഡ്‌ മാര്‍ഗ്ഗം മൂന്ന്‌ മണിക്കൂറോളം സഞ്ചരിക്കണം അല്‍ സുല്‍ഫിയിലെത്താന്‍. രണ്ട്‌ വര്‍ഷം മുമ്പ്‌, വിവാഹം കഴിഞ്ഞ്‌ മൂന്നാം മാസം തിരിച്ചു പോയതാണ്‌ മൊയ്‌തീന്‍ കുട്ടി. പുതിയ ജീവിതത്തിന്റെ പുതുമണം മാറിയിരുന്നില്ല അപ്പോള്‍. പോകുമ്പോള്‍ ഭാര്യ ബേബി ഗര്‍ഭിണിയായിരുന്നു. ഒന്നര വയസ്സുള്ള പൊന്നു മോളെ മൊയ്‌തീന്‍കുട്ടി ഇതുവരെ കണ്ടിട്ടില്ല. ഫോണില്‍ അവളുടെ കൊഞ്ചലും ചിനുങ്ങലും കേള്‍ക്കുമ്പോള്‍ അവളുടെ അടുത്തു പറന്നെത്താന്‍ ഒരുപാട്‌ വട്ടം കൊതിച്ചതാണ്‌. എത്ര വട്ടമാണ്‌ ഉപ്പച്ചീ എന്ന്‌ വിളിച്ച്‌ പൊന്നുമോള്‍ കിനാവില്‍ കയറി വന്നത്‌! കരിപ്പൂരില്‍ വിമാനമിറങ്ങുമ്പോള്‍ പക്ഷേ, മൊയ്‌തീന്‍ കുട്ടിയുടെ മനസ്സില്‍ ബേബിയും പൊന്നുമോളുമുണ്ടായിരുന്നില്ല.

ബാപ്പ ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റിലാണ്‌. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്ന്‌ രണ്ടാഴ്‌ച മുമ്പാണ്‌ മെഡിക്കല്‍ കോളേജിലെ ചെസ്റ്റ്‌ ഹോസ്‌പിറ്റലിലേക്ക്‌ മാറ്റിയത്‌. ആയുസ്സ്‌ ഇത്രയും നീളുമെന്ന്‌ കരുതിയതല്ല. വേണ്ടപ്പെട്ടവരെയൊക്കെ അറിയിച്ചു കൊള്ളാന്‍ ഡോക്‌ടര്‍മാര്‍ പറഞ്ഞതാണ്‌.
അറിയിക്കാനുള്ളവരെ മുഴുവന്‍ അറിയിച്ചു. അടുത്തും അകന്നും കഴിയുന്നവരൊക്കെ വന്നു കണ്ടു.
ഇനിയും ബാപ്പയെ കാണാന്‍ പറ്റുമെന്ന്‌ മൊയ്‌തീന്‍ കുട്ടി വിചാരിച്ചതല്ല. അറബിയുടെ കീഴില്‍ ജോലി നോക്കുമ്പോള്‍ വിചാരിച്ച പോലെ ഓടിപ്പോരാന്‍ പറ്റില്ല. അഞ്ചു നേരം നിസ്‌കരിച്ച്‌ ബാപ്പയുടെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ഥിക്കും. വേണ്ടപ്പെട്ടവരെ വേണ്ടപ്പോള്‍ വന്നു കാണാന്‍ പറ്റാത്ത പരദേശിയുടെ വിധിവൈപരീത്യമോര്‍ത്ത്‌ കണ്ണുകള്‍ വെറുതെ നനയും.

ജീപ്പിന്‌ വേഗത പോര. ആകാശത്തെ മേഘക്കീറുകള്‍ വിമാനത്തിന്റെ കാഴ്‌ച നഷ്‌ടപ്പെടുത്തുമെന്ന്‌ പേടിച്ചിരുന്നു. തലേന്ന്‌ പെയ്‌ത മഴ ഒഴുകിപ്പോകാതെ റോഡിലെ കുഴികളില്‍ കെട്ടി നില്‍ക്കുന്നു. കലങ്ങിയ മഴവെള്ളത്തില്‍ ഒളിച്ചു നില്‍ക്കുന്ന ഗട്ടറുകള്‍ ജീപ്പിന്റെ വേഗം പിന്നെയും കുറച്ചു കൊണ്ടിരുന്നു. മൂടിക്കെട്ടി നിന്ന ആകാശം വീണ്ടും പെയ്‌ത്തു തുടങ്ങി. തണുത്ത കാറ്റിനൊപ്പം ടാര്‍പാളിന്‍ ഭേദിച്ച്‌ മഴത്തുള്ളികള്‍ ജീപ്പിനകത്തേക്ക്‌ ചീറ്റുന്നു. മൊയ്‌തീന്‍ കുട്ടിയുടെ ഹൃദയം മാത്രം തണുക്കുന്നില്ല.

ഓക്‌സിജന്‍ മാസ്‌കിനകത്താണ്‌ ബാപ്പയുടെ ശ്വാസവും ഉച്ഛാസവും. ഇന്നലെ കഞ്ഞി കൊടുക്കുമ്പോള്‍ ബാപ്പ ചോദിച്ചു: ബാവ പൊന്നൂനെ കണ്ടിട്ടുണ്ടോ? മൊയ്‌തീന്‍ കുട്ടിയെ ബാവ എന്നാണ്‌ വിളിക്കുന്നത്‌. ഇടക്ക്‌ ഓര്‍മ തെളിയുമ്പോഴാണ്‌ അദ്ദേഹം മൊയ്‌തീന്‍ കുട്ടിയെ ചോദിക്കുന്നത്‌.
. പേരക്കുട്ടികളെ കാണാന്‍ പറ്റാത്ത വിഷമവുമുണ്ട്‌. കുട്ടികളെ ആശുപത്രിയിലേക്ക്‌ കൊണ്ടു വരാന്‍ പറ്റില്ല. വീട്ടിലാണെങ്കില്‍ നെഞ്ചിലും ചുമലിലും എപ്പോഴും അവരുടെ പേക്കൂത്താണ്‌.

ബാവ പൊന്നൂനെ കണ്ടിട്ടില്ലെന്ന്‌ കഞ്ഞി വായിലേക്ക്‌ പകരുന്നതിനിടെ ഉമ്മ പറഞ്ഞു. അപ്പോള്‍ ബാപ്പ തേങ്ങിയെന്ന്‌ ജ്യേഷ്‌ഠന്‍ ശംസു വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു. പടച്ചോനെ, ന്റെ കുട്ടി ഓന്റെ കുട്ടിനെ ഇതുവരെ കണ്ടിട്ടില്ലല്ലോ……
ഇനി അധകമില്ലെന്ന്‌ ആ വൃദ്ധനറിയാം. മരുന്നിന്റെ നീണ്ട മയക്കത്തിലേക്ക്‌ വീഴുമ്പോള്‍ അദ്ദേഹം ഞരക്കത്തോടെ ഓര്‍ക്കുന്നത്‌ പെറ്റുമ്മയെ മാത്രമാണ്‌. ഉമ്മാ,, ഉമ്മാ എന്ന ഞരക്കം ചുണ്ടില്‍ നിന്ന്‌ പുറത്തു വരും. ഒരു കൊച്ചു കുഞ്ഞിന്റെ ഭാവമാണ്‌ ആ വിലാപത്തിന്‌. വാര്‍ധക്യം രണ്ടാമത്തെ കുട്ടിക്കാലമാകാം. കുഞ്ഞുങ്ങള്‍ക്കാണല്ലോ ഉമ്മയേയും ബാപ്പയേയും വേണ്ടത്‌. ഒരുപാട്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മരിച്ചു പോയ ഉമ്മയെ വിളിച്ച്‌ ഞരങ്ങുമ്പോള്‍ ആ മനുഷ്യന്റെ മനസ്സിലെന്താണ്‌? ഒരു പെണ്ണും നാല്‌ ആണുമടങ്ങുന്ന മക്കളില്‍ അവസാനത്തെ ആളാണ്‌ മൊയ്‌തീന്‍ കുട്ടി. അവന്‌ വൃദ്ധന്റെ ബാപ്പയുടെ തനിഛായയാണ്‌. പേരിടാന്‍ നേരത്ത്‌ ബാപ്പ മാത്രമല്ല, കുടുംബക്കാരൊക്കെ ചേര്‍ന്ന്‌ തീരുമാനിച്ചതാണ്‌ അവന്‌ വല്യുപ്പയുടെ പേര്‌ മതിയെന്ന്‌. അങ്ങിനെയാണ്‌ അവന്‍ മൊയ്‌തീന്‍ കുട്ടിയായത്‌. മൊയ്‌തീന്‍ കുട്ടിയുടെ സാന്നിധ്യം വൃദ്ധന്‌ തന്റെ പിതാവിന്റെ സ്‌നേഹമായി അനുഭവപ്പെടുമോ? നല്ല ബോധത്തിലേക്ക്‌ തിരിച്ചു വരുമ്പോഴൊക്കെ അദ്ദേഹം മൊയ്‌തീന്‍ കുട്ടിയെ ചോദിക്കും.

സര്‍ക്കാര്‍ ജോലിക്കാരനായ ജ്യേഷ്‌ഠന്‍ യൂനുസ്‌ ലീവെടുത്താണ്‌ ആശുപത്രിയില്‍ നില്‍ക്കുന്നത്‌. അജ്‌മാനില്‍ നിന്ന്‌ അവധിക്കു വന്ന ശംസുവും ഒപ്പമുണ്ട്‌. കുട്ടികളുടെ സ്‌കൂളും മദ്രസയും മുടക്കി പെങ്ങള്‍ ആമിനയും വന്നു പോകുന്നു. കണ്ണും ദിക്കുമില്ലെങ്കിലും ഉമ്മ സദാ കൂടെയുണ്ട്‌. ഇടയ്‌ക്ക്‌ ബിച്ചാപ്പ വരും. യൂനുസിന്‌ ഇനിയും ലീവ്‌ നീട്ടിക്കിട്ടില്ല. നാളെ ജോയന്റ്‌ ചെയ്യണം. മുത്ത ജ്യേഷ്‌ഠന്‍ അല്‍ സുല്‍ഫിയില്‍ മൊയ്‌തീന്‍ കുട്ടിയുടെ കമ്പനിയില്‍ തന്നെയാണ്‌. അടുത്ത്‌ നാട്ടില്‍ വന്ന്‌ തിരിച്ചു പോയതേയുള്ളു. ഇനിയിപ്പോള്‍ അവധി കിട്ടില്ല.

നാല്‌ മണിക്ക്‌ വാച്ച്‌മാന്റെ ഔദാര്യം വേണ്ടി വന്നില്ല.
ഓക്‌സിജന്‍ മാസ്‌കിനകത്ത്‌ ബാപ്പയുടെ ആയുസ്സ്‌ നീണ്ടു കിടക്കുന്നു.
മരുന്നിന്റെ ക്ഷീണമാണെന്ന്‌ ശംസു പറഞ്ഞു. മൊയ്‌തീന്‍ കുട്ടിയുടെ സാന്നിധ്യമറിഞ്ഞ്‌ അദ്ദേഹം കണ്ണു തുറന്നു. ന്റെ കുട്ടി വന്നല്ലോ. കാണാന്‍ പറ്റിയല്ലോ… വൃദ്ധന്‍ കരയാനുള്ള പുറപ്പാടിലാണ്‌. കരഞ്ഞ്‌ ശ്വാസ തടസ്സമുണ്ടാക്കേണ്ടെന്ന്‌ ശംസു കയര്‍ത്തു. ബാപ്പയുടെ വിറക്കുന്ന കൈകള്‍ കൂട്ടിപ്പിടിച്ചപ്പോള്‍ മൊയ്‌തീന്‍ കുട്ടിയുടെ കണ്ണ്‌ നിറഞ്ഞു. പുറത്ത്‌ അപ്പോള്‍ പുതിയൊരു മഴയുടെ ആരവം തുടങ്ങിയിരുന്നു.

ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റിലെ ഓരോ ബെഡിലും ആയുസ്സിനോട്‌ മല്ലിടുന്ന രോഗികള്‍. കട്ടിലിന്‌ ചുറ്റും പരിചരിക്കാന്‍ ഉറ്റവരും ബന്ധുക്കളും. ബാപ്പയുടെ തൊട്ടടുത്ത ബെഡിലെ വൃദ്ധന്റെ ഒപ്പമുള്ള സ്‌ത്രീയുടെ മൊബൈല്‍ റിംഗ്‌ ചെയ്‌തപ്പോള്‍ മൊയ്‌തീന്‍ കുട്ടി ശ്രദ്ധിച്ചു. ഉപ്പ ഉറങ്ങുകയാണെന്നും ഗുളികയുടെ മയക്കമാണെന്നും സ്‌ത്രീ മറുപടി പറയുന്നുണ്ട്‌. പിന്നെ അവര്‍ പതുക്കെ, വൃദ്ധനെ തട്ടിവിളിച്ചു. ഒരു ഞരക്കത്തോടെ വൃദ്ധന്‍ കണ്ണു തുറന്നു. കുഞ്ഞിപ്പയാണ്‌, റിയാദില്‍ നിന്ന്‌ വിളിക്കുന്നുവെന്ന്‌ പറഞ്ഞ്‌ മൊബൈല്‍ വൃദ്ധന്റെ ചെവിയോട്‌ ചേര്‍ത്തു പിടിച്ചു. ദുര്‍ബലമായ ശബ്‌ദത്തില്‍ അദ്ദേഹം സംസാരിച്ചു. ഹലോ, ഹലോ…. കിതപ്പില്‍ ശബ്‌ദം മുറിയുന്നു.
ങാ.. ഒന്നൂല്ല.. സുഖണ്ട്‌. കൊഴപ്പൊന്നൂല്ല -ശബ്ദത്തില്‍ വൃദ്ധന്‍ ആരോഗ്യം അഭിനയിക്കുകയാണ്‌. ഫോണ്‍ സ്‌ത്രീ തിരിച്ചു വാങ്ങി. ങാ.. പേടിക്കാനൊന്നുമില്ലെന്നാണ്‌ ഡോക്‌ടര്‍ പറഞ്ഞത്‌. ആലിപ്പൂനോടും മാനുപ്പയോടുമൊക്കെ വിവരം പറഞ്ഞാളാ. ങാ.. ന്നാല്‌ വെയ്‌ക്കട്ടെ.
വൃദ്ധന്റെ മക്കളും മരുമക്കളുമൊക്കെ ഗള്‍ഫിലാണെന്ന്‌ ഉമ്മ മൊയ്‌തീന്‍ കുട്ടിക്ക്‌ പറഞ്ഞു കൊടുത്തിരുന്നു. കുടുംബ സമേതം ഗള്‍ഫു നാടുകളില്‍ കഴിയുന്ന മക്കള്‍ വല്ലപ്പോഴുമേ നാട്ടില്‍ വരാറുള്ളൂ. ദിവസവും രണ്ട്‌ നേരം വിളിക്കും. എല്ലാ കാര്യത്തിനും ഈ വൃദ്ധ മാത്രം. മരുന്നിന്‌ പോകാനും വെള്ളത്തിന്‌ പോകാനും ആ സ്‌ത്രീ ഒറ്റക്കാണ്‌. ഇടക്ക്‌ ഏതെങ്കിലും ബന്ധുക്കള്‍ വരും. ശംസുവും യൂനുസുവുമാണ്‌ പലപ്പോഴും സഹായം. എല്ലാവരുമുണ്ടായിട്ടും ഒറ്റക്കായിപ്പോയ വിഷമം വര്‍ത്തമാനം പറയുമ്പോഴൊക്കെ വൃദ്ധ ദമ്പതികളുടെ മുഖത്ത്‌ കാണാമെന്ന്‌ ഉമ്മ പറഞ്ഞു.

മൊയ്‌തീന്‍ കുട്ടിയുടെ ബാപ്പക്ക്‌ അല്‍പം ഉന്മേഷമൊക്കെയുണ്ട്‌. ഓക്‌സിജന്‍ മാസ്‌ക്‌ ഒഴിവാക്കി. മുഖത്ത്‌ നല്ല തെളിച്ചം. രണ്ടോ മൂന്നോ ദിവസത്തിനകം ഡിസ്‌ചാര്‍ജ്‌ ചെയ്യാന്‍ പറ്റുമെന്ന്‌ ഡോക്‌ടര്‍ സൂചിപ്പിച്ചിട്ടുണ്ട്‌.
രാത്രി, ആശുപത്രി വരാന്തയിലെ സിമന്റു തറയില്‍ പായ വിരിച്ച്‌, മൊയ്‌തീന്‍ കുട്ടി കൊതുകിനോട്‌ അങ്കം വെട്ടി. ഇന്നേക്ക്‌ അഞ്ചു ദിവസമായി, ബേബിയോട്‌ ഇതുവരെ മനസ്സ്‌ തുറക്കാന്‍ പറ്റിയിട്ടില്ല. പൊന്നു ഇപ്പോഴും അടുത്തിട്ടില്ല.
അപ്പുറത്തെ കട്ടിലില്‍ കിടക്കുന്ന വൃദ്ധനോടൊപ്പമുള്ള സ്‌ത്രീ പുറത്തേക്ക്‌ വന്നു. ചെവിയില്‍ ചേര്‍ത്തു വെച്ച മൊബൈല്‍ ഫോണില്‍ അവര്‍ ആരോടോ സംസാരിക്കുകയാണ്‌. സംസാരം മുറിഞ്ഞ ശേഷം അവര്‍ പറഞ്ഞു. മൂത്ത മോനാ.. ഒറങ്ങാന്‍ പോകും മുമ്പ്‌ ഉപ്പാന്റെ വര്‍ത്താനം അറിയണം.

തിരിച്ചു പോകാനൊരുങ്ങിയ വൃദ്ധ മൊയ്‌തീന്‍ കുട്ടിയെ തിരിഞ്ഞു നോക്കി.
ങ്ങക്ക്‌ വരാന്‍ പറ്റിയല്ലോ.. എന്നും ങ്ങളെ കാര്യം പറഞ്ഞാ ങ്ങളെ ബാപ്പന്റെ സങ്കടം. ന്റെ കുട്ട്യോളെ ഉപ്പാന്റെ കാര്യവും അതെന്നെ. മക്കളെ ഇടക്കിടെ ചോദിക്കും. കണ്ണടയ്‌ണേനു മുമ്പ്‌ എല്ലാരേയും ഒന്നു കാണണമെന്ന തേട്ടമാണ്‌. കടല്‍ കടന്നു പോയോരെ കാര്യല്ലേ… ഇന്ന്‌ മൂപ്പര്‍ക്ക്‌ ലേശം കൂടുതലാ്‌. ഞാനതൊന്നും ഓലോട്‌ പറഞ്ഞിട്ടില്ല. വെറുതെ എന്തിനാ ഓലെ വെഷമിപ്പിക്ക്‌ണ്‌
വൃദ്ധയുടെ വാക്കുകള്‍ ഇടറുന്നുവോ? അവര്‍ അകത്തേക്ക്‌ പോയി.
മൊയ്‌തീന്‍ കുട്ടി അന്നേരം സുലൈമാനെ ഓര്‍ത്തു. കഴിഞ്ഞ വര്‍ഷമാണ്‌ അവന്റെ ഉമ്മ അര്‍ബുദം ബാധിച്ച്‌ മരിച്ചത്‌. ഏറെക്കാലമായി ആശുപത്രിയിലായിരുന്നു. സുല്‍ഫിയില്‍ നിന്ന്‌ ഏതാനും കിലോമീറ്റര്‍ അകലെ മസ്‌റയില്‍ ജോലി ചെയ്യുന്ന സുലൈമാന്‌ ഉമ്മയെ അവസാനമായി ഒരു നോക്ക്‌ കാണാന്‍ സാധിച്ചില്ല. ചെറിയ ശമ്പളക്കാരന്‍. മൂന്ന്‌ വര്‍ഷത്തിലൊരിക്കല്‍ അവധി. നാട്ടില്‍ പോയി വന്നിട്ട്‌ ഏറെക്കാലം കഴിയും മുമ്പ്‌ ഉമ്മയുടെ മാരക രോഗം സ്ഥിരീകരിച്ചു.
മരുഭൂമിയുടെ ചൂടിനേക്കാള്‍ പൊള്ളുന്ന വാര്‍ത്തയായിരുന്നു അത്‌. തിരുവന്തപുരത്തും തൃശൂരുമായി ആശുപത്രികളില്‍ മാറി മാറി കിടന്നു . ആയുസ്സിന്‌ ഡോക്‌ടര്‍മാര്‍ അവധി പറഞ്ഞിട്ടും അവന്‌ ഉമ്മയുടെ അടുത്തെത്താന്‍ സാധിച്ചില്ല. സീസണായതിനാല്‍ തോട്ടത്തില്‍ പിടിപ്പതു ജോലിയുള്ള കാലം.
കഴിഞ്ഞ അവധിക്കു നാട്ടില്‍ പോയി വന്ന കടങ്ങള്‍ തീര്‍ന്നിട്ടുമില്ല, വീണ്ടുമൊരു യാത്ര ആലോചിക്കാന്‍ പോലും വയ്യാത്ത നേരം. ഉമ്മ മരിച്ച ദിവസം മസ്‌റയിലെ താമസ സ്ഥലത്ത്‌ അവന്‍ വാവിട്ടു കരഞ്ഞു.
മൊയ്‌തീന്‍ കുട്ടി പിന്നെ, ബീരാന്‍ കോയയെ ഓര്‍ത്തു. കോഴിക്കോട്ടെ തെക്കേപ്പുറത്തുകാരന്‍. ഭാര്യയെ പ്രസവത്തിന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരത്തിന്‌ ഫോണ്‍ വന്നപ്പോള്‍ അദ്ദേഹം വലിയ സന്തോഷത്തിലായിരുന്നു. ഒരു തിങ്കളാഴ്‌ചയായിരുന്നു അത്‌. അടുത്ത വ്യാഴാഴ്‌ച നമുക്ക്‌ അടിച്ചു പൊളിക്കണമെന്ന്‌ അദ്ദേഹം കൂട്ടുകാരെ മുഴുവന്‍ കൊതിപ്പിച്ചു. കൊയിലാണ്ടിക്കാരന്‍ ബീരാന്‍ കുഞ്ഞിയെ വിളിച്ച്‌ ബിരിയാണി വെയ്‌ക്കാന്‍ ഏര്‍പ്പാട്‌ ചെയ്‌തു. വ്യാഴാഴ്‌ച ആനന്ദപ്പിറവിയുടെ വാര്‍ത്ത കേള്‍ക്കാന്‍ കൊതിച്ച ബീരാന്‍ കോയ ആ വാര്‍ത്ത കേട്ട്‌ ഞെട്ടി. പ്രസവത്തെ തുടര്‍ന്നുണ്ടായ അമിതമായ രക്ത സ്രാവത്തില്‍ പ്രിയപ്പെട്ടവള്‍ എന്നെന്നേക്കുമായി വിട്ടകന്നിരുന്നു.
ഓര്‍മകളും കൊതുകുകളും മൊയ്‌തീന്‍ കുട്ടിയുടെ ഉറക്കം കെടുത്തി.
രാവിലെ ഉമ്മ വന്ന്‌ വിളിച്ചുണര്‍ത്തുമ്പോള്‍ നേരം ഒട്ടും വെളുത്തിരുന്നില്ല. തട്ടിപ്പിടഞ്ഞെഴുന്നേറ്റപ്പോള്‍ ഉമ്മ പറഞ്ഞു, വേഗം വാ.. തുണി മുറുക്കി ടോയ്‌ലറ്റിലേക്ക്‌ നീങ്ങുമ്പോള്‍ ഉമ്മ വീണ്ടും
പെട്ടെന്ന്‌ വാര്‍ഡിലേക്ക്‌ വാ..
ബാപ്പക്ക്‌ എന്തോ സംഭവിച്ചുവെന്നായിരുന്നു പേടി. ഓടിച്ചെന്നപ്പോള്‍ തൊട്ടപ്പുറത്തെ ബെഡിലെ വൃദ്ധന്റെ നെഞ്ചില്‍ വൃദ്ധ പൊട്ടിക്കരയുന്നു, ന്നെ ഒറ്റക്കാക്കി പോയല്ലോ..
മരണം സ്ഥിരീകരിച്ച്‌ ഡോക്‌ടര്‍ പുറത്തുപോയി. വെളുത്ത തുണിയുടെ ശാന്തതയിലേക്ക്‌ വൃദ്ധന്റെ മുഖം മറഞ്ഞു. നഴ്‌സിന്റേയും ഉമ്മയുടേയും വാക്കുകള്‍ ഭൂമിയില്‍ തനിച്ചായിപ്പോയ ആ വൃദ്ധക്ക്‌ സാന്ത്വനമാകുന്നില്ല. വൃദ്ധയുടെ ബാഗിനകത്തെ മൊബൈല്‍ ഫോണില്‍ അനേകം വിളികള്‍ കിടന്ന്‌ ശ്വാസം മുട്ടി. ആരോടും മറുപടി പറയാന്‍ അവര്‍ക്ക്‌ കഴിയുമായിരുന്നില്ല.
അറ്റന്റര്‍മാര്‍ വൃദ്ധന്റെ ചേതയനറ്റ ശരീരം ആംബലന്‍സിലേക്ക്‌ എടുത്തു. നാട്ടില്‍ നിന്നെത്തിയ ഏതോ ബന്ധുക്കളുടെ കൈത്താങ്ങില്‍ വൃദ്ധയും ഒപ്പം കയറി. ബാഗിനകത്തുനിന്ന്‌ മൊബൈല്‍ ഫോണിന്റെ ഞരക്കം ഇപ്പോഴും കേള്‍ക്കാം. കടലനിക്കരെ നിന്ന്‌ മക്കള്‍ വിളിക്കുകയാകും. ഒന്ന്‌ ആശ്വസിപ്പിക്കാനെങ്കിലും പ്രിയപ്പെട്ടവര്‍ അടുത്തുണ്ടായിരുന്നുവെങ്കില്‍ എന്ന്‌ ആ വൃദ്ധ ആഗ്രഹിക്കുന്നുണ്ടാകുമോ?
ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റില്‍ തിരിച്ചെത്തുമ്പോള്‍ ബാപ്പയുടെ നെഞ്ച്‌ തടവുകയാണ്‌ ഉമ്മ. വൃദ്ധന്റെ മരണം ബാപ്പയുടെ മനസ്സില്‍ പുതിയ ചിന്തകളുണ്ടാക്കിയിരിക്കാം. ബാപ്പ ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റിലെത്തിയ ശേഷം മൂന്നാമത്തെ മരണമാണിവിടെ.
എപ്പളാന്ന്‌ നിശ്ചല്ല, ഞാനും ….
മൊയ്‌തീന്‍ കുട്ടിയുടെ കാലനക്കം കേട്ടപ്പോള്‍ വൃദ്ധന്‍ വിതുമ്പിപ്പോയി.
ഉമ്മയുടെ ചുമലിലേക്ക്‌ ചാഞ്ഞുകൊണ്ടാണ്‌ അപ്പോള്‍ മൊയ്‌തീന്‍ കുട്ടി പൊട്ടിക്കരഞ്ഞത്‌.

ഉത്സവപ്പിറ്റേന്ന്‌

മാര്‍ച്ച് 31, 2008

എരഞ്ഞിപ്പറമ്പിലെ തിറയുത്സവം.
കോമരം ഉറഞ്ഞു തുള്ളുകയാണ്‌.
നെറ്റിയില്‍ നിന്ന്‌ പൊടിയുന്ന ചോരത്തുള്ളികളില്‍
ഗ്രാമത്തിന്റെ ആഘോഷം തുളുമ്പുന്നു.
പടച്ചോനേ… ഈ ആനന്ദം എത്ര കാലമായി എനിക്ക്‌ നഷ്ടപ്പെടുന്നു.പത്രപ്രവര്‍ത്തകനായി ജോലി ആരംഭിച്ചതു മുതല്‍..
അല്ല അക്കാലത്ത്‌ ഇടയ്‌ക്കൊക്കെ വന്നു പെടാറുണ്ട്‌.
പരദേശിയായി കടല്‍ കടന്ന ശേഷം.
ശരിയാണ്‌ അതിനുശേഷം ഒരിയ്‌ക്കല്‍ പോലും കുംഭമാസത്തിലെ ഇത്തരം ഘോഷപ്പെരുക്കങ്ങളിലേക്ക്‌ വന്നു പെട്ടിട്ടില്ല.
ഇക്കാലത്ത്‌ അവധിയെടുത്ത്‌ നാട്ടിലെത്താന്‍ പറ്റിയത്‌ വലിയ ഭാഗ്യമായി.മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം.
മ്ണാശ്ശേരിയിലേയും നായര്‍ കുഴിയിലേയും അമ്പലങ്ങളിലെ പ്രതിഷ്‌ഠാ മഹോത്സവങ്ങള്‍.
കളന്‍ തോട്‌ തങ്ങളുടെ നേര്‍ച്ച.വെള്ളങ്ങോട്ടേയും കലങ്ങോട്ടേയും എരഞ്ഞിപ്പറമ്പിലേയും തിറകള്‍.
ഓരോ കുംഭത്തിലും, കടലിനക്കരെ, മന്‌സ്സില്‍ ചോര ചി്‌ന്തിയ കോമരങ്ങള്‍ ഇക്കുറി മനസ്സിന്റെ ആവേശമായി ഉറഞ്ഞു തുള്ളുകയാണ്‌.
എട്ടൊമ്പത്‌ കൊല്ലത്തിനുശേഷമാണ്‌, ഇങ്ങിനെ നാട്ടിലെ ഉത്സവപ്പറമ്പുകളില്‍ കറങ്ങി നടക്കുന്നത്‌.ഇവിടെ ഒന്നിനും ഒരു മാറ്റവുമില്ല.
ഉത്സവപ്പറമ്പുകള്‍ കൂടുതല്‍ വിശാലമായിരിക്കുന്നു.
മാമുണ്ണി നാരങ്ങാക്കച്ചവടം ചെയ്യുന്നു. തട്ടമിട്ട കൊച്ചുകള്‍ കൂട്ടിനുണ്ട്‌‌.
ചക്കര ജിലേബി ചൂടോടെ പൊരിച്ചെടുക്കുന്നവര്‍. കര്‌ിമ്പും പൊരിയും വില്‍ക്കുന്നവര്‍. പെണ്ണുങ്ങളേയും കുട്ടികളേയും ആകര്‍ഷിക്കാന്‍ വളക്കച്ചടവക്കാരും കളിപ്പാട്ടക്കാരും.ഇടക്ക്‌‌ വഴിപാടിന്റെ വെടിയൊച്ചകള്‍.
കൂട്ടം കൂടി തിറക്ക്‌ പോകുമ്പോള്‍ കൂട്ടം തെറ്റി വീട്ടിലേക്ക്‌ മടങ്ങുന്നവരുടെ പേരില്‍ വെടിപൊട്ടിച്ച പഴയ കാലം ഓര്‍മ വന്നു.
പെണ്‍കുട്ടികളെ നോക്കി വെള്ളമിറയ്‌ക്കുന്ന ചെക്കന്മാരും ചെക്കന്മാരെട കടക്കണ്‍ കോണില്‍ ഒളിപ്പിക്കുന്ന പെണ്‍കുട്ടികളും ഇപ്പോഴുമുണ്ട്‌‌.
മു്‌ല്ലപ്പൂ മണം വിതറി, കുലുങ്ങിച്ചിരിച്ചു പോകുന്ന പെണ്‍കുട്ടികളുടെ വളകിലുക്കവും ഉത്സവപ്പറമ്പിന്റെ ആവേശമാണല്ലോ.
ഒന്നും കെട്ടു പോകാതെ, എല്ലാം അങ്ങിനെ തന്നെ….. ദൈവമേ കടലിനിക്കരെ നമുക്ക്‌ നഷ്ടപ്പെട്ടു പോകുന്നത്‌ എന്തെ‌ല്ലാമാണ്‌.
ബാബു ഭരദ്വാജിന്റെ പ്രവാസിയുടെ കുറിപ്പുകളിലെ വേലയും പൂരവും കഴിഞ്ഞോട്ടെ എന്ന അധ്യായം ഒരിയ്യക്കല്‍ കൂടി വായിക്കണം. ഇത്തവണ വായിക്കുമ്പോള്‍ മുമ്പത്തേക്കാള്‍ ശ്വാസം മുട്ടുമെന്ന്‌ തീര്‍ച്ച.
കുലുക്കിക്കുത്തു ബോര്‍ഡുകള്‍ക്ക്‌ ചുറ്റും നല്ല തിരക്ക്‌. കട്ട നിരത്തിയിരിക്കുന്നത്‌ പഴയ കിങ്കരന്മാരല്ലെന്ന്‌ മാത്രം. ഒക്കെ പുതുമുഖങ്ങള്‍. ഏതാനും വര്‍ഷം മുമ്പ്‌ കടല്‍ കടന്ന്‌ പോരുന്ന സമയത്ത്‌ വള്ളിനിക്കറുമിട്ട്‌്‌, മൂക്കില്‍ ചീരാപ്പൊലിപ്പിച്ചു നടന്ന ചെക്കന്മാരാണ്‌ ബോര്‍ഡിനപ്പുറത്ത്‌ ചമ്രം പടിഞ്ഞിരുന്നുകട്ട കുലുക്കി വെയ്‌‌ രാജാ വെയ്‌‌ വിളിച്ചു കൂവുന്നത്‌.ആഡ്യന്‍, ഇസ്‌‌പേഡ്‌, ക്ലാവര്‍, ഡെയ്‌മണ്‍, കൊടി, ചന്ദ്രന്‍.. കളങ്ങളില്‍ നോട്ട്‌ വീഴുന്നു. പഴയ ചില്ലറയുടെ കാലം കഴിഞ്ഞു. പത്ത്‌ രൂപ മുതലാണ്‌ കളി. പത്ത്‌ വെച്ചാല്‍ ഇരുപത്‌. ഇരുപത്‌ വെച്ചാല്‍ നാല്‍പത്‌. ഡബിളും ത്രിബിളും വീഴുമ്പോള്‍ കൂടുതല്‍ പണം.കൂലിപ്പണിക്കാരാണ്‌, കളങ്ങളില്‍ കാശ്‌ വെച്ച്‌ കളിക്കുന്നവരില്‍ ഏറെയും.പോലീസുകാരുടെ ശല്യം പേടിക്കാനില്ല. ഇടക്ക്‌ ഉത്സവക്കമ്മിറ്റിക്കാരുടെ പിരിവുണ്ടാകും. അത്‌ അത്ര സാരമാക്കാനില്ല.(അപ്പുറത്ത്‌ വലിയ തുക വെച്ച്‌ ചീട്ടു കളി നടക്കുന്നുണ്ട്‌. ആയിരവും അയ്യായിരവും നഷ്ടപ്പെട്ടവന്‍ വെറും കയ്യോടെ വീട്ടിലേക്ക്‌ മടങ്ങുന്നുണ്ടായിരുന്നു. ഉത്സവത്തിന്റെ നേരമ്പോക്ക്‌ിനെത്തിയവര്‍ ഈ വഴിക്ക്‌ തിരിഞ്ഞു നോക്കാറില്ല)കുട്ടിക്കാലത്തിന്റെ ഓര്‍മകള്‍ മനസ്സ്‌്‌ കുലുക്കിയപ്പോള്‍ അല്‍പം കുലുക്കിക്കുത്താമെന്ന്‌ കരുതി. ചില്ലറയാ്‌ക്കി കരുതി വെച്ചിരുന്ന പത്ത്‌ രൂപാ നോ്‌ട്ടുകള്‍ ആഡ്യനിലും ഇസ്‌പേഡിലും കൊടിയിലും ക്ലാവറിലും മാറിമാറി ഭാഗ്യം പരീക്ഷിച്ചു. പണം പോയെങ്കിലും ഏറെക്കാലം മനസ്സില്‍ സൂക്ഷിക്കാന്‍ പുതിയൊരു ഉത്സവത്തിന്റെ മേളപ്പെരുക്കമായി അത്‌.ഈ ഉത്സവങ്ങള്‍ക്ക്‌ മതത്തിന്റെ വേലിക്കെട്ടുകളില്ലെന്നതാണ്‌ സത്യം. കൊടിയത്തൂരിലെ വെ്‌ള്ളങ്ങോട്ടും കലങ്ങോട്ടുമൊക്കെ ഉത്സവത്തിന്റെ വിജയം മാപ്പിളമാരുടെ സാന്നിധ്യമത്രെ.കലങ്ങോട്ട്‌ അമ്പലം പണിതത്‌ കൊയപ്പ ഹാജി നല്‍കിയ സ്ഥലത്താണെന്ന്‌ കേട്ടിട്ടുണ്ട്‌.ശിങ്കാരി മേളത്തിന്റെ പെരുക്കങ്ങളില്‍ ഒരേ ലയത്തില്‍ അലിയുന്നതും കുലുക്കി കുത്തിന്റെ ഭാഗ്യ പരീക്ഷണത്തില്‍ നോട്ടുകളും വാരിയെറിയുന്നതും മുസ്‌‌ലിമും ഹിന്ദുവും ക്രിസ്‌‌ത്യാനിയുമാണ്‌.ഈ ഉത്സവപ്പറമ്പുകളില്‍ നിന്നിറങ്ങി, പിന്നെ എപ്പോഴാണ്‌ നാം ശരിക്കും ഹിന്ദുവും ക്രിസ്‌ത്യാനിയും മുസ്‌്‌ലിമുമൊക്കെ ആയിപ്പോകുന്നത്‌‌? അല്ലെങ്കില്‍ ആരാണ്‌ നമ്മെ അങ്ങിനെ ആക്കിക്കളയുന്നത്‌?ഇക്കുറി കലങ്ങോട്ട്‌‌ ഷാജിയും കൂട്ടരും അവതരിപ്പിച്ച ശിങ്കാരി മേളം അസ്സലായി. ചെണ്ട വാടകയ്‌ക്കെടുത്ത്‌ സ്വയം കൊട്ടിപ്പഠിച്ച എന്‍െ നാട്ടുകാരായ ഈ ചെറുപ്പക്കാരുടെ ഉദ്യമത്തില്‍ വലിയ അഭിമാനം തോന്നി. കമ്മിറ്റിക്കാര്‍ കൊടുക്കുന്ന അയ്യായിരം രൂപ ഉപകരണങ്ങള്‍ക്ക്‌ വാടക കൊടുക്കാനെ തികയൂ. എന്നാലും ഈ കലയോട്‌ പുതിയ കുട്ടികള്‍ കാണിക്കുന്ന ആവേശം മനസ്സിന്‌ മറ്റൊരുത്സവമായി.ഉത്സവപ്പറമ്പില്‍ അലഞ്ഞു തിരിഞ്ഞ്‌ വളരെ വൈകി വീട്ടിലെത്തുമ്പോള്‍ വീട്ടുകാരിയുടെ പരിഭവമുണ്ട്‌. അത്‌ മായ്‌‌ക്കാന്‍ അവള്‍ക്ക്‌ പ്രിയപ്പെട്ട ചക്കര ജിലേബി വാങ്ങി നേര്‌ത്തെ കയ്യില്‍ വെച്ചിട്ടുണ്ട്‌.ഉത്സവപ്പറമ്പുകളിലെ ഊട്ടുപുരകള്‍ ശരിക്കും മതസൗഹാര്‍ദത്തിന്റെ വിരുന്നൂട്ടി. സാമ്പാറും കൂട്ടി ചോറുണ്ണാന്‍ എല്ലാവരുമുണ്ടായിരുന്നു. ജാതിയുടേയും മതത്തിന്റെയും അതിര്‍ വരമ്പുകളില്ലാതെ ഒരുമിച്ചുണ്ണാനിരുന്നവര്‍ മിശ്രഭോജനത്തിന്റെ പുതിയ അധ്യായങ്ങള്‍ രചിക്കുന്നു.എരഞ്ഞിപ്പറമ്പിലെ ഊട്ടുപുരയില്‍ ഞാനും അജ്‌‌മാനില്‍ നിന്ന്‌ അവധിക്ക്‌ വന്ന ശംസുവും എത്തുമ്പോള്‍ നേരം വളരെ വൈകിയിരുന്നു. ഊട്ടുപുര ഏറെക്കുറെ കാലി. എങ്കിലും ആഘോഷത്തിന്റെ സൗഹാര്‍ദം പങ്കിടാനെത്തിയ ഞങ്ങളെ അവര്‍ ശരിക്കും ഊട്ടി.നായര്‍ കുഴിയിലും മണാശ്ശേരിയിലും അനുഭവിച്ച ഊട്ടുപുരയുടെ സൗഹാര്‍ദത്തിന്റെ രുചിയും മറക്കാനാകില്ല.എല്ലാം വിട്ടെറിഞ്ഞ്‌ വീണ്ടും മടങ്ങാന്‍ നേരമായി. ഒരാഴ്‌ച കൂടി അവധി നീട്ടിക്കിട്ടിയിരുന്നുവെങ്കില്‍. കുറ്റിക്കുളം തിറ കൂടി കൂടാമായിരുന്നു. അതിന്‌ ഭാഗ്യമില്ലല്ലോ.

“കാഫര്‍” മുക്കത്ത്‌

മാര്‍ച്ച് 31, 2008

(കെ.ടി. മുഹമ്മദിന്റെ ഓര്‍മയ്‌ക്ക്‌)
തൊള്ളായിരത്തി എണ്‍പത്തൊന്നിലാണെന്നാണ്‌ ഓര്‍മ.
സിനിമകള്‍ അധികം കണ്ടിട്ടില്ലാത്ത കാലം. നാടകങ്ങളുമില്ല.
കവുങ്ങിന്റെ പട്ട കൊണ്ട്‌ മറച്ചു കെട്ടി, നാടോടി കലാകാരന്മാര്‍
നടത്തുന്ന വെള്ളരി നാടകങ്ങളും റെക്കോര്‍ഡ്‌ ഡാന്‍സുകളും
കണ്‍കെട്ടു വിദ്യകളും സര്‍ക്കസ്‌ അഭ്യാസങ്ങളുമാണ്‌
അക്കാലത്ത്‌ ആസ്വാദിച്ചിരുന്ന കലാരൂപങ്ങള്‍.
ഒരു ദിവസം കല്ലുരുട്ടിയില്‍ നിന്ന്‌ മുന്നൂരിലേക്ക്‌ വരുമ്പോള്‍
മണാശ്ശേരിയിലാണ്‌ ആ നോട്ടീസ്‌ കണ്ടത്‌.
മുക്കം മൈക്കോ ക്ലബ്ബിന്റെ വാര്‍ഷികം.
കെ.ടി. മുഹമ്മദിന്റെ നാടകം കാഫര്‍.
വെള്ളരി നാടകങ്ങള്‍ക്ക്‌ പോയാല്‍ തന്നെ മദ്‌റസയില്‍നിന്ന്‌
മോല്യാരുടെ തല്ല്‌ കിട്ടും.മൗലവിയാണെങ്കിലും അത്തരം
പരിപാടികള്‍ക്ക്‌ പോയതിന്‌ബാപ്പ വഴക്ക്‌ പറഞ്ഞതായി ഓര്‍മയില്ല.
മദ്‌റസയിലും സ്‌കൂളിലും പോകാതെ, കാട്ടിലോ പുഴവക്കത്തോ പോയി
നേരം കളയുന്ന ദിവസങ്ങളില്‍,വിവരം വീട്ടിലറിഞ്ഞാല്‍
പൊതിരെ തല്ലു കിട്ടാറുണ്ട്‌.
പുല്‍പറമ്പിലും കാവുങ്ങല്‍ ഇണ്ണിരീയുടെ പീടികക്ക്‌ അപ്പുറത്ത്‌
പുഴവക്കത്തുമാണ്‌ പാലം വെള്ളരിക്കാര്‍ സാധാരണ തമ്പ്‌ കെട്ടുന്നത്‌.
റെക്കോര്‍ഡ്‌ ഡാന്‍സാണ്‌ പ്രധാന ഇനം.
പെണ്‍വേഷം കെട്ടിയ ആണുങ്ങള്‍അക്കാലത്തെ
ഹിറ്റ്‌ സിനിമാ പാട്ടുകളുടെ താളത്തിനൊത്ത്‌ നൃത്തം ചെയ്യും.
രാവിലെ പുഴക്കടവിലോ അങ്ങാടിയിലെ ചായക്കടയിലോ
കാണുമ്പോഴായിരിക്കും ഡാന്‍സുകാരി പെണ്ണല്ല, ആണാണ്‌ എന്ന്‌ ബോധ്യപ്പെടുക.
മിമിക്രിക്കാരും കോമഡിക്കാരും ഒന്നും പ്രാചരത്തിലില്ലാത്ത
അക്കാലത്ത്‌ ഇവര്‍ അവതരിപ്പിക്കുന്ന നാടകം ഉള്‍പ്പെടെ
ഹാസ്യ കലാപ്രകടനങ്ങള്‍ കണ്ട്‌തലയറഞ്ഞ്‌ ചിരിച്ചിട്ടുണ്ട്‌.
കഥാ പ്രസംഗത്തിന്റെ റെക്കോര്‍ഡ്‌ വെച്ച്‌ കഥപറയുമ്പോലെ
ഒരാള്‍ അഭിനയിക്കും. അപ്പോള്‍ സംഗീതോപകരണങ്ങളും
സാങ്കല്‍പികമാകും. തബലയെന്ന്‌ തോന്നിക്കാന്‍
രണ്ട്‌ കുട്ടികളെ നിലത്തിരുത്തി അവരുടെ തല തുണി കൊണ്ട്‌ മൂടും.
തബലിസ്റ്റായി അഭിനയിക്കുന്നയാള്‍ ആ തലകളില്‍ തബലയിലെന്ന പോലെ താളമിടും.
പുല്‍പറമ്പിലെ പാലം വെള്ളരികളില്‍ ഇങ്ങിനെ തബലയായി
എത്രയോ വട്ടം തല വെച്ചു കൊടുത്തിട്ടുണ്ട്‌.
മൂന്നിലും നാലിലുമൊക്കെ പഠിക്കുമ്പോഴായായിരുന്നു അത്‌.
ആപ്പുട്ടിയായിരുന്നു അന്നൊക്കെ തലയില്‍ താളമിട്ടിരുന്നത്‌.
സാഹസികാഭ്യാസ പ്രകടനമാണ്‌ ഇക്കൂട്ടരുടെ പ്രധാന ആകര്‍ഷണം.
ശ്വാസമടക്കിപ്പിടിച്ചിരുന്നല്ലാതെ കാണാന്‍ പറ്റില്ല.
പെണ്ണുങ്ങളും ഞങ്ങള്‍ കുട്ടികളും വല്ലാത്തൊരവസ്ഥയിലേക്ക്‌ കണ്ണു തള്ളും.
മണ്ണില്‍ തീര്‍ത്ത വലിയ കുഴിയില്‍ ആളെയിട്ടു മൂടുക,
നെഞ്ചില്‍ അമ്മി വെച്ച്‌ അതിനു മുകളില്‍ ഉരല്‍ വെച്ച്‌
നെല്ല്‌ കുത്തി വെളുപ്പിക്കുക, നിര നിരയായി കെട്ടി വെച്ച ബള്‍ബുകള്‍
സൈക്കിളില്‍ പാഞ്ഞു വന്ന്‌ നെഞ്ചു കൊണ്ട്‌ പൊട്ടിക്കുക,
മുടിയില്‍ കെട്ടി ജീപ്പ്‌ വലിയ്‌ക്കുക..
അങ്ങിനെ അവര്‍ കാണിക്കുന്ന സാഹസങ്ങള്‍ അനവധിയാണ്‌.
പരലോകത്തൊരു രക്ഷയ്‌ക്കായി തമ്പുരാനേ… എന്ന പാട്ട്‌ വെച്ച്‌
അഭ്യാസികള്‍ സാഹസം കാണിക്കുമ്പോള്‍
ആളിപ്പോള്‍ മരിച്ചു പോകുമെന്ന്‌ തോന്നും.
പാലം വെള്ളരിക്ക്‌ പോയതിന്‌ ആദ്യമായി തല്ലു കൊണ്ടത്‌
മദ്‌റസയിലെ ജബ്ബാര്‍ മോല്യാരുടെ കയ്യില്‍ നിന്നാണ്‌.
എന്നാലും പാലം വെള്ളരിക്ക്‌ പോകാതിരിക്കില്ല.
ഈ പാലം വെള്ളരിയ്‌ക്കാരെ അനുകരിച്ചാണ്‌ പിന്നീട്‌
ഞങ്ങളുടെ നാട്ടുമ്പുറത്തെ കുട്ടികള്‍ ഈന്തപ്പനയോലയും
കവുങ്ങിന്‍പട്ടയുമൊക്കെ ഉപയോഗിച്ച്‌ പന്തല്‍ കെട്ടി ചില്ലറ
കലാപരിപാടികള്‍ സംഘടിപ്പിക്കുവാന്‍ തുടങ്ങിയത്‌.
മുതുകുളത്തെ കൊയ്‌തൊഴിഞ്ഞ പാടത്തും
നാരങ്ങാളിയിലെ ഒഴിഞ്ഞ പറമ്പിലും ലക്ഷം വീട്ടിലുമൊക്കെ
ഇത്തരം പരിപാടികള്‍ നടത്തിയിരുന്നു.
നേരത്തേ കണ്ട നാടകങ്ങളുടെ രംഗങ്ങള്‍ ഓര്‍ത്തുവെച്ച്‌
അതേപോലെ അവതരിപ്പിക്കുന്നതായിരുന്നു പ്രധാന പരിപാടി.
ചിലപ്പോള്‍ തട്ടിക്കൂട്ട്‌ നാടകങ്ങളും അരങ്ങേറും.
മോണോ ആക്‌ട്‌, മാപ്പിളപ്പാട്ട്‌ അങ്ങിനെ അറിയാവുന്ന
പ്രകടനങ്ങളൊക്കെ കുട്ടികള്‍ തന്നെ നടത്തും.
തൊട്ടടുത്ത വീടുകളിലെ സ്‌ത്രീകളും കുട്ടികളുമടങ്ങുന്ന
വിരലിലെണ്ണാവുന്ന സദസ്സായിരിക്കും മുന്നില്‍.
പറഞ്ഞു വന്ന കാര്യം വേറെയാണ്‌.
മണാശ്ശേരിയില്‍ കണ്ട മൈക്കോ വാര്‍ഷികത്തിന്റെ നോട്ടീസ്‌.
ഏഴാം ക്ലാസിലാണ്‌ അന്ന്‌ പഠിക്കുന്നത്‌.
കാഫര്‍ എന്ന പേരാണ്‌ ആദ്യം ആകര്‍ഷിച്ചത്‌.
സ്‌കൂളില്‍ കൂടെ പഠിക്കുന്ന ദിനേശനും രാജനും വിമലയും
ബിന്ദുവും ഉഷയുമൊക്കെയാണ്‌
അന്ന്‌ കാഫിറുകളായി പരിചയമുള്ളത്‌.
പിന്നേ താന്നിപ്പോക്കിലെ ചാത്തൂന്റെ വീട്ടുകാരും
ലക്ഷം വീട്ടിലെ കുറേ ഹരിജനങ്ങഴും.
കാഫിറിനെപ്പറ്റി എന്ത്‌ നാടകമായിരിക്കും?
കാഫര്‍ നാടകം കാണാന്‍ പോയാല്‍ മദ്‌റസയില്‍ നിന്ന്‌ തല്ലു കിട്ടുമോ?
ഏഴാം ക്ലാസിന്റെ മൂപ്പുണ്ടായിരുന്നതിനാല്‍
അതത്ര വലിയ പ്രശ്‌നമായി തോന്നിയില്ല.
ഒരു ഞായറാഴ്‌ചയാണെന്നാണ്‌ ഓര്‍മ.
അന്ന്‌ പാഴൂരില്‍ നിന്ന്‌ അധികം ബസ്‌ സര്‍വീസില്ല.
മുക്കത്ത്‌ പോകണമെങ്കില്‍ ആറ്റുപുറം, കച്ചേരി വഴി നടന്നു പോവുകയാണ്‌ പതിവ്‌.
വൈകുന്നേരം വീട്ടില്‍ പറയാതെ മുക്കത്തേക്ക്‌ നടന്നു.
ഒറ്റയ്‌ക്കാണ്‌, കൂട്ടിനാരുമില്ല. ചങ്ങാതിമാരെ വിളിച്ചാല്‍ വരില്ല.
ഒന്നാമത്‌ രാത്രി മുക്കത്തേക്ക്‌ വരാന്‍ വീട്ടുകാര്‍ സമ്മതിക്കില്ല.
രണ്ടാമത്‌, നാടകം കാണാന്‍ അനുവാദമില്ല. അതും കാഫര്‍ നാടകം.
ഇരുട്ടുന്നതിന്‌ മുമ്പേ മുക്കത്തെത്തി. ഇരുവഴിഞ്ഞിപ്പുഴയുടെ
മാട്ടുമ്മലാണ്‌ വേനല്‍ക്കാലത്ത്‌ പുഴ വറ്റി രൂപപ്പെടുന്ന
മണല്‍ തിട്ടക്ക്‌ ഞങ്ങളുടെ നാട്ടുകാര്‍ മാട്‌ എന്നാണ്‌ പറയുക) സ്റ്റേജ്‌.
എസ്‌.കെ. പൊറ്റക്കാടിന്റെ നാടന്‍ പ്രേമത്തിലെ നായകന്‍ നായിക
മാളുവിനെ കണ്ടുമുട്ടുന്നത്‌ ഇവിടെ വെച്ചാണ്‌.
പില്‍ക്കാലത്ത്‌ നാടന്‍ പ്രേമം വായിച്ചപ്പോഴാണ്‌
ആ സത്യം മനസ്സിലാകുന്നത്‌.
നാടകം കാണണമെങ്കില്‍ ടിക്കറ്റെടുക്കണം.
ടാര്‍പായ കൊണ്ട്‌ വേദിക്ക്‌ ചുറ്റും മറച്ചിരിക്കുന്നു.
ടിക്കറ്റില്ലാതെ അകത്ത്‌ കടക്കാന്‍ പറ്റില്ല.
കയ്യിലാണെങ്കില്‍ കാല്‍ കാശില്ല. മുക്കം വരെ നടന്നു പോകാന്‍
തീരുമാനിച്ചതിനാല്‍ ബസ്സു കൂലി പോലും
സംഘടിപ്പിക്കേണ്ടതുണ്ടായിരുന്നില്ല.
കോലൈസോ കപ്പലണ്ടിയോ വാങ്ങാനുള്ള കാശ്‌ പോലുമില്ല.
പാലം വെള്ളരി നാടകങ്ങള്‍ സൗജന്യായി ആസ്വദിച്ചിരുന്നതിനാല്‍
നാടകം കാണാന്‍ ടിക്കറ്റ്‌ വേണ്ടിവരുമെന്ന്‌ ഓര്‍ത്തിരുന്നുമില്ല.
എന്ത്‌ ചെയ്യുമെന്നറിയാതെ വിഷമിച്ചു നില്‍ക്കുമ്പോള്‍
മുന്നില്‍ സലാം മാഷ്‌.
ചേന്ദമംഗല്ലൂര്‍ ജി.എം.യു.പി സ്‌കൂളില്‍ എന്റെ ക്ലാസ്‌ മാഷാണ്‌.
പതിനാലാം രാവ്‌ സിനിമയില്‍ ഒരു സീനില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന്‌
മാഷ്‌ ഇടക്ക്‌ ക്ലാസില്‍ പറയാറുണ്ട്‌.
സലാം കാരശ്ശേരിയുടെ പെങ്ങളുടെ മകന്‍. എം.എന്‍. കാരശ്ശേരിയുടെ സഹോദരന്‍.
എന്നെ കണ്ടപ്പോള്‍ മാഷ്‌ക്ക്‌ അല്‍ഭുതം.
കലാപ്രേമിയും സഹൃദയനും മികച്ച അധ്യാപകനുമായ
അദ്ദേഹം ആരുടെ കൂടെയാണ്‌ പോന്നതെന്ന്‌ ചോദിച്ചു.
ഒറ്റയ്‌ക്കാണെന്ന്‌ പറഞ്ഞപ്പോള്‍ വീട്ടില്‍ പറഞ്ഞു പോന്നതല്ലേ എന്ന്‌ വീണ്ടും.
മിണ്ടാതെ നിന്നു. ടിക്കറ്റുണ്ടോ എന്ന്‌ മാഷ്‌ ചോദിച്ചു.
ഉണ്ടാകില്ലെന്ന്‌ മാഷ്‌ക്ക്‌ തന്നെയറിയാം.
അദ്ദേഹം എന്നെ കൂട്ടിക്കൊണ്ടുപോയി സ്റ്റേജിന്റെ നേരെ മുന്നില്‍ തന്നെ ഇരുത്തി തന്നു.
മൈക്കോയുടെ സംഘാടകന്‍ കൂടിയായിരുന്നു അദ്ദേഹമെന്നാണ്‌ ഓര്‍മ.
കാഫര്‍ നാടകം തുടങ്ങി. നിലമ്പൂര്‍ സീനത്താണ്‌ നായിക.
മൈക്കിന്‌ മുന്നില്‍ നിന്ന്‌ പാടുന്ന മാപ്പിളപ്പെണ്ണിനെ സമുദായം കല്ലെറിയുന്നു.
നെറ്റിയില്‍ നിന്ന്‌ ചോര പൊടിയുന്നു. നാടകം തുടങ്ങുന്നത്‌ അങ്ങിനെയാണെന്നാണ്‌ ഓര്‍മ.
ആദ്യത്തെ നാടകാനുഭവം. വീട്ടില്‍ വെച്ച്‌ പാടുന്ന മറ്റൊരു
കഥാപാത്രത്തെ നാടകത്തില്‍ ഉമ്മ വിലയ്‌ക്കുന്നുണ്ട്‌.
ആണുങ്ങളുടെ മുന്നില്‍ നിന്ന്‌ പാട്ടാ പാടരുതെന്ന്‌.
അപ്പോള്‍ നായിക ചോദിയ്‌ക്കുന്നു: മുഹമ്മദാല്യാക്കന്റെ
മുമ്പീന്നും പാടാന്‍ വയ്യ, വാപ്പാന്റെ മുമ്പീന്നും പാടാന്‍ വയ്യ.
പിന്നെ ആരുടെ മുന്നിലാ ഉമ്മാ ഞാന്‍ പാട്വാ…മാപ്പിളപ്പെണ്ണിന്റെ
വീര്‍പ്പുമുട്ടലാണ്‌ അതെന്ന്‌ അന്ന്‌ മനസ്സിലായില്ല.
പിന്നെ ചാത്തന്‍ മൂസയാകുമ്പോള്‍ പെണ്‍കുട്ടിക്ക്‌
ചാത്തനെ മൂസയായി കാണാന്‍ പറ്റുന്നില്ല.
ചാത്താ ചാത്താന്ന്‌ വിളിച്ചിട്ട്‌ ഇപ്പോള്‍ മൂസേന്ന്‌
വിളിക്കുമ്പോള്‍ എന്തോ കളവ്‌ പറയുമ്പോലെയാണ്‌
പെണ്‍കുട്ടിക്ക്‌ തോന്നുന്നത്‌. കാഫറിന്റെ സാമൂഹിക സിദ്ധാന്തങ്ങളൊന്നും
മനസ്സിലായില്ലെങ്കിലും നാടകം എന്ന കലയെ ആദ്യമായി അടുത്തറിയുന്നത്‌ അന്നാണ്‌.
പിന്നീട്‌ ചില്ലറ നാടകങ്ങള്‍ എഴുതാനും സംവിധാനം ചെയ്‌ത്‌
പ്രാദേശിക തലത്തില്‍ അവതരിപ്പിക്കാനുമുള്ള ഉള്‍പ്രേരണ
തുടങ്ങുന്നതും അവിടെ നിന്നാണ്‌.നാടകം കഴിഞ്ഞ്‌ കാണണമെന്ന്‌
സലാം മാഷ്‌ പറഞ്ഞിരുന്നു. പക്ഷേ, ആള്‍കൂട്ടത്തില്‍ അദ്ദേഹത്തെ തെരയാന്‍ പറ്റിയില്ല.
നാടകം കഴിയുമ്പോള്‍ ഒരുപാട്‌ വൈകി. രണ്ടോ മൂന്നോ മണിയായിക്കാണും.
എങ്ങോട്ട്‌ പോകും. കച്ചേരി, ആറ്റുപുറം വഴി ഒറ്റയ്‌ക്ക്‌ നടന്നു പോകാന്‍ വയ്യ.
വഴിയിലൊക്കെ നായ്‌ക്കളുണ്ടാകും. പി,സി റോഡിലൂടെ
നാടകം കഴിഞ്ഞു പോകുന്നവരുടെ കൂട്ടത്തില്‍ നടന്നാലും
അവരൊക്കെ പരമാവധി, കച്ചേരി വരെയേ ഉണ്ടാകും.
ചേന്ദമംഗല്ലൂര്‍ വരേയുള്ളവര്‍ പോലുമുണ്ടാകില്ല.
പീടികക്കോലായില്‍ എവിടെയങ്കിലും കിടന്ന്‌
നേരം വെളുപ്പിക്കാന്‍ പറ്റുമോ?പരിഭ്രമിച്ചു നില്‍ക്കുമ്പോള്‍
കുഞ്ഞുട്ടി ജീപ്പുമായി വന്നു. മാമ്പറ്റയിലെ അമ്മായിയുടെ മകനാണ്‌.
അയാള്‍ ആ സമയത്ത്‌ എന്നെ ചീനിയുടെ ചോട്ടില്‍ കണ്ട്‌ അന്തം വിട്ടു.
നാടകം കാണാന്‍ വന്നതാണെന്ന്‌ പറഞ്ഞപ്പോള്‍ ജീപ്പില്‍ കയറാന്‍ പറഞ്ഞു.
അപ്പോഴാണ്‌ എനിക്കൊരു ബുദ്ധി തോന്നിയത്‌.പാത്തുട്ടിയുടെ വീട്ടില്‍ പോകാം.
മുത്തമ്മയുടെ മകളാണ്‌. കാരശ്ശേരി ജംക്‌ഷനിലാണ്‌ വീട്‌.
അവിടെ ഇറക്കിത്തന്നാല്‍ മതിയെന്ന്‌ പറഞ്ഞു.
കുഞ്ഞുട്ടി ജീപ്പില്‍ പാത്തുട്ടിയുടെ വീടിന്‌ മുന്നില്‍ ഇറക്കി.
സ്വാഭാവികമായും എല്ലാവരും നല്ല ഉറക്കത്തിലാണ്‌.
വീട്ടുകാരെ ഉണര്‍ത്തേണ്ടെന്ന്‌ കരുതി ഞാന്‍ കോലായില്‍, കരി തേച്ച
വെറും നിലത്ത്‌ കിടന്നുറങ്ങി.
അന്നും ഇന്നും രാത്രി, അസമയത്ത്‌ ഉറങ്ങുന്നവരെ
വിളിച്ചുണര്‍ത്തുന്നത്‌ എനിക്കിഷ്‌ടമല്ല. അതിനൊരു കാരണമുണ്ട്‌.
മദ്‌റസയിലെ അഖ്‌ലാഖ്‌ പുസ്‌തകത്തില്‍ പഠിച്ച ചെറിയൊരു പാഠം.
ഇമാം ഷാഫി (റ) കുട്ടിയായിരുന്ന കാലം.
രോഗിയായ ഉമ്മ കുടിയ്‌ക്കാന്‍ അല്‍പം വെള്ളം വേണമെന്ന്‌ ആവശ്യപ്പെട്ടു.
ദൂരെ പോയി വെള്ളവുമായി കുട്ടി മടങ്ങി വരുമ്പോള്‍
ക്ഷീണം കൊണ്ട്‌ ഉമ്മ ഉറങ്ങിപ്പോയിരുന്നു.
ഉമ്മയുടെ ഉറക്കം ശല്യപ്പെടുത്തേണ്ടെന്ന്‌ കരുതി ഉമ്മ ഉണരുന്നതുവരെ
തലയില്‍ വെള്ളപ്പാത്രവുമായി കൊച്ചു ഷാഫ്‌ കാത്തു നിന്നു.
ഏറെ നേരം കഴിഞ്ഞ്‌ ഉമ്മ ഉണര്‍ന്നപ്പോള്‍ വെള്ളപ്പാത്രം
തലയില്‍ വെച്ച്‌ വേദനിച്ചു നില്‍ക്കുന്ന കുട്ടിയെയാണ്‌ കണ്ടത്‌.
കഥയുടെ സാരം ഇങ്ങിനെയാണെന്നാണ്‌ ഓര്‍മ.
ഞാനിപ്പോള്‍ പാത്തുട്ടിക്ക്‌ വെള്ളത്തിന്‌ പോയതല്ലല്ലോ.
നാടകം കാണാന്‍ പോയതാണ്‌. അതും കാഫര്‍ നാടകം.
അതിന്‌ പാത്തുട്ടിയും വീട്ടുകാരും എന്തു പറയുമെന്ന്‌ തന്നെ അറിയില്ല.
അങ്ങിനെയാണ്‌ അവരെ വിളിച്ചുണര്‍ത്താതെ
കോലായില്‍ വെറും നിലത്ത്‌ കിടന്നത്‌.നാടകം ഇവിടെ തീരുന്നില്ല.
സുബ്‌ഹിക്ക്‌ ആദ്യമെണീറ്റത്‌ പാത്തുട്ടി തന്നെയാണ്‌.
കോലായില്‍, വെറും നിലത്ത്‌ ആരോ ഒരാള്‍ കിടന്നുറങ്ങുന്നത്‌
മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ്‌ അവര്‍ കാണുന്നത്‌.
ഉമ്മാ കള്ളന്‍ എന്ന്‌ ഒരലര്‍ച്ചയായിരുന്നു അവള്‍.ആ അലര്‍ച്ച
കേട്ടാണ്‌ ഞാന്‍ ഉണര്‍ന്നത്‌. വീട്ടുകാരും.
ഞെട്ടിയെഴുന്നേറ്റ എന്നെ കണ്ടപ്പോള്‍ പാത്തുട്ടി അതിനേക്കാള്‍ അമ്പരപ്പ്‌.
നീയെപ്പോള്‍ വന്നു, എങ്ങിനെ വന്നു…. ചോദ്യങ്ങള്‍ ഊഹിക്കാവുന്നതേയുള്ളൂ….

അങ്ങിനെ കെ.ടി. മുഹമ്മദിന്റെ നാടകമാണ്‌ ആദ്യം കണ്ടത്‌. പിന്നീട്‌ കോഴിക്കോട്ട്‌ റിപ്പോര്‍ട്ടറായി ചെന്നപ്പോള്‍ കെ.ടിയുടെ പ്രസംഗങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഇത്‌ ഭൂമിയാണ്‌, വെള്ളപ്പൊക്കം തുടങ്ങി നാടകങ്ങള്‍ പിന്നെയും പിന്നെയും കണ്ടു.സീനത്ത്‌ കെ.ടിയെ ഉപേക്ഷിച്ചു പോയ ദിവസം അദ്ദേഹത്തെ കാണാന്‍ വീട്ടില്‍ ചെന്ന പത്രലേഖഖരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. അന്ന്‌ കെ.ടി പൊട്ടിക്കരഞ്ഞു കൊണ്ട്‌ പറഞ്ഞത്‌ ഓര്‍ക്കുകയാണ്‌. ഒന്നൂമല്ലാതിരുന്ന അവളെ ഈ നിലയില്‍ എത്തിച്ചത്‌ ഞാനാണ്‌. എന്നെ അവള്‍ ഓര്‍ക്കേണ്ട, ഈ കുട്ടിയെ അവള്‍ ഓര്‍ക്കേണ്ടിയിരുന്നില്ലേ?കെ.ടിക്ക്‌ സീനത്തില്‍ പിറന്ന മകന്‍ അപ്പോള്‍ കെ.ടിയോടൊപ്പം സ്വീകരണ മുറിയിലുണ്ടാരുന്നു. എട്ടോ പത്തോ വയസ്സായിരിക്കും അന്ന്‌ കുട്ടിക്ക്‌ പ്രായം.
പിന്നീട്‌ കെ.ടിയുടെ പരാതി പ്രകാരം കോഴിക്കോട്ട്‌ കോടതിയില്‍ സീനത്തിനെ ഹാജരാക്കിയപ്പോള്‍ റിപ്പോര്‍ട്ട്‌ ചെയ്യാനും ഞാനുണ്ടായിരുന്നു. വലിയ സിനിമാ താരമാണ്‌ അപ്പോഴവര്‍. കോടതിയുടെ അനുമതി പ്രകാരം കാഫറിലെ മാപ്പിളപ്പെണ്ണിനെ പോലെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച്‌ അവര്‍ പുതിയ കാമുകനോടൊപ്പം പോയി.കെ.ടി.യുടെ കണ്ണുകളില്‍ കഴിഞ്ഞ ദിവസം കണ്ട കണ്ണീര്‍ തുള്ളികളാണ്‌ അപ്പോഴെന്റെ മനസ്സിലൊഴുകിയത്‌.

#കെ.ടി. മുഹമ്മദിന്റെ മരണവാര്‍ത്ത കേട്ടപ്പോഴാണ്‌ ഇതെഴുതാന്‍ തോന്നിയത്‌